റഷ്യൻ സൈനികർക്ക് നേരെ നെഞ്ചുവിരിച്ച് യുക്രെയ്ൻ ദമ്പതികൾ: കൈയടിച്ച് സോഷ്യൽ മീഡിയ
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വീട്ടിലെത്തിയ റഷ്യൻ സൈനികരെ ധൈര്യപൂർവ്വം നേരിടുന്ന യുക്രെയ്ൻ ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. യുക്രെയ്നിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിലെ വോസ്നെസെൻസ്ക് ഗ്രാമത്തിലെ ഒരു വീട്ടിൽ നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറുകയും മധ്യവയസ്കനായ പുരുഷൻ രോഷാകുലനായി സൈനികർക്ക് നേരെ അടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിന് പിന്നാലെ ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീയും സൈനികർക്ക് നേരെ ആക്രോശമുയർത്തി. നിരായുധരാണെങ്കിലും സ്വത്തുപേക്ഷിച്ചു പുറത്ത് പോകാൻ നിർബന്ധിച്ച സൈനികരെ ഇരുവരും ധൈര്യപൂർവ്വം നേരിട്ടു.
ദമ്പതികളെ ഭയപ്പെടുത്താനായി സൈനികരിലൊരാൾ ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ഇരുവരും ആക്രോശിച്ച് കൊണ്ട് സൈനികരോട് സ്ഥലം വിടാനാവശ്യപ്പെട്ടു. തർക്കം വീണ്ടും കുറച്ച് സമയം കൂടെ നീണ്ടെങ്കിലും ദമ്പതികളുടെ ആവശ്യം അംഗീകരിച്ച് സൈനികർ വീട് വിട്ടിറഹ്ങി. ഇവരെ വീട്ടിൽ നിന്ന് പുറത്താക്കുന്നതിനിടയിൽ ദമ്പതികളുടെ വളർത്തുനായ സൈനികർക്ക് നേരെ കുരക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീട്ടുവളപ്പിൽ സ്ഥാപിച്ച സി.സി.ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1.6 ദശലക്ഷത്തിലധികം ആളുകൾ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ദമ്പതികൾക്ക് അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

