Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂരിപക്ഷം ഉറപ്പില്ലെങ്കിലും പിന്നോട്ടില്ല; ഇസ്രായേലിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഐസൻകോട്ട്

text_fields
bookmark_border
ഭൂരിപക്ഷം ഉറപ്പില്ലെങ്കിലും പിന്നോട്ടില്ല; ഇസ്രായേലിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഐസൻകോട്ട്
cancel

തെൽഅവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ അനിശ്ചിതത്വത്തിലായിരിക്കെ, തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് പ്രഖ്യാപിച്ചു. പുതിയ ഇസ്രയേൽ പാർലമെന്റ് നവംബർ 10ന് അധികാരമേൽക്കുന്നതോടെ വാഗ്ദാനം ചെയ്ത പരിഷ്കാരങ്ങൾക്കായുള്ള നിയമനിർമാണ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഐസൻകോട്ടിന്റെ പ്രഖ്യാപനം.

ഐസൻകോട്ടിന്റെ യാഷർ പാർട്ടി ഇതിനകം തന്നെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള നിയമനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എല്ലാവർക്കും ബാധകമായ നിർബന്ധിത സൈനിക, ദേശീയ സേവനം നടപ്പാക്കുക, 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര സംസ്ഥാന അന്വേഷണ കമ്മീഷൻ രൂപീകരിക്കുക, രാജ്യത്തിന്റെ ബജറ്റ് സംവിധാനം പരിഷ്കരിക്കുക, രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നവർക്ക് കൂടുതൽ പരിഗണന നൽകുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

പുതിയ നെസറ്റ് അധികാരമേറ്റതിന് പിന്നാലെ നവംബർ 10 മുതൽ രാഷ്ട്രീയ സഖ്യകക്ഷികളുമായി ഏകോപിപ്പിച്ച് ഈ നിർദേശങ്ങൾ പാർലമെന്റിൽ വോട്ടെടുപ്പിന് കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഐസൻകോട്ട് പറഞ്ഞു. 120 അംഗ നെസറ്റിൽ നെതന്യാഹു വിരുദ്ധ പാർട്ടികൾക്ക് ആകെ 67 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ലെങ്കിലും നിയമനിർമാണ നടപടികൾക്ക് ആവശ്യമായ പിന്തുണ ഈ കക്ഷികൾക്ക് ലഭിച്ചേക്കും. എന്നാൽ നെതന്യാഹു വിരുദ്ധ ചേരിക്കുള്ളിലെ രാഷ്ട്രീയ ഭിന്നതകൾ സർക്കാർ രൂപീകരണത്തിന് വലിയ തടസ്സമാണ്.

ഈ ചേരിയിൽ ജൂത നേതൃത്വത്തിലുള്ള പാർട്ടികൾക്ക് 48 സീറ്റും അറബ് നേതൃത്വത്തിലുള്ള പാർട്ടികൾക്ക് 19 സീറ്റുമാണുള്ളത്. അതേസമയം, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പിന്തുണക്കുന്ന കക്ഷികൾക്ക് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. അതിനാൽ നെതന്യാഹു അനുകൂല ചേരിക്കും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാകില്ല.

എന്നാൽ ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളിൽ ഭൂരിഭാഗവും അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനെ എതിർക്കുകയാണ്. അതുകൊണ്ടുതന്നെ 67 സീറ്റുകളുടെ പിന്തുണയുണ്ടെങ്കിലും നെതന്യാഹു വിരുദ്ധ ചേരിക്ക് സർക്കാർ രൂപീകരിക്കുക എളുപ്പമാകില്ല. അറബ് നേതൃത്വത്തിലുള്ള റാഅം പാർട്ടി അധ്യക്ഷൻ മൻസൂർ അബ്ബാസും ഐസൻകോട്ടിന്റെ നേതൃത്വത്തിൽ അറബ് പാർട്ടികളുടെ പുറംപിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നെതന്യാഹു ശക്തമായി എതിർക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ഐസൻകോട്ടിന്റെ നീക്കം രാഷ്ട്രീയമായി ഏറെ നിർണായകമാണ്. നെതന്യാഹുവിനൊപ്പം ഐക്യസർക്കാരിൽ ചേരില്ലെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു.

'ഒക്ടോബർ 7ന്റെ സർക്കാർ' എന്നും സൈനിക സേവനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവരുടെ സർക്കാർ എന്നും വിശേഷിപ്പിച്ച നിലവിലെ ഭരണകൂടത്തിനെതിരെയാണ് ഇസ്രയേൽ ജനത വോട്ട് ചെയ്തതെന്ന് ഐസൻകോട്ട് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം സങ്കീർണമാണെന്ന് സമ്മതിച്ച അദ്ദേഹം ജനങ്ങളോട് സംയമനവും ക്ഷമയും പാലിക്കാനും അഭ്യർഥിച്ചു.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിമിതമാണെങ്കിലും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ വ്യാഴാഴ്ച പ്രത്യേകം യോഗങ്ങൾ ചേർന്ന് തുടർനീക്കങ്ങൾ ചർച്ച ചെയ്തു. എന്നാൽ യോഗങ്ങൾക്കുശേഷം പുറത്തിറക്കിയ പ്രസ്താവനകളിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ റാനാനയിലെ വസതിയിലെത്തിയ ഐസൻകോട്ട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേലിൽ എത്രയും വേഗം നല്ലൊരു സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഇടതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റ്സിന്റെ അധ്യക്ഷൻ യായർ ഗോലനും പ്രതിപക്ഷ നേതാവും ബിയാചാദ് പാർട്ടിയിലെ രണ്ടാമനുമായ യായർ ലാപിഡുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേലിനെ രക്ഷിക്കുന്നതിനായി രാഷ്ട്രീയ പങ്കാളികളുമായി ചേർന്ന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഗോലൻ എക്സിൽ കുറിച്ചു. മാറ്റത്തിനുള്ള അവസരം കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നീട് ഐസൻകോട്ടുമായും ഗോലൻ കൂടിക്കാഴ്ച നടത്തി. ഇരുവരും വർഷങ്ങളോളം ഇസ്രയേലിന്റെ സുരക്ഷക്കായി പ്രവർത്തിച്ചവരാണെന്നും ഇപ്പോൾ തങ്ങളുടെ ചുമലിലുള്ള ഉത്തരവാദിത്വത്തിന്റെ ഗൗരവം നന്നായി അറിയാമെന്നും ഗോലൻ പറഞ്ഞു. ഇസ്രയേലിന്റെ ഭാവി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ ഒരുമിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബ് പാർട്ടിയായ റാഅമിന്റെ അധ്യക്ഷൻ മൻസൂർ അബ്ബാസുമായും ഗോലൻ ചർച്ച നടത്തി. നെതന്യാഹു വിരുദ്ധ ജൂത രാഷ്ട്രീയ ചേരിയിൽ അറബ് പാർട്ടിയായ റാഅമുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനെ പരസ്യമായി പിന്തുണച്ച ഏക നേതാവാണ് ഗോലൻ. എന്നാൽ പ്രതിപക്ഷത്തെ മറ്റു പ്രമുഖ നേതാക്കൾ റാഅമിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനെ എതിർക്കുകയാണ്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഭരണ മാറ്റത്തെ തടയാൻ നോക്കിയാൽ അനുവദിക്കില്ലെന്നും ഗാദി ഐസൻകോട്ട് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eisenkot vows to advance draft law, Oct. 7 inquiry despite slim coalition prospects
Next Story