ഇസ്രായേലിൽ നിർണായക നീക്കം; നെതന്യാഹുവിനും മന്ത്രിസഭയിൽ ഇടം നൽകാമെന്ന് ഐസൻകോട്ട്
text_fieldsജറുസലേം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നിർണായക നീക്കങ്ങൾക്കിടെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ‘ലിക്കുഡി’നെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്. പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് ഐസൻകോട്ടിന്റെ നിർണായക പ്രഖ്യാപനം.
ഞായറാഴ്ച ജറുസലേമിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യകക്ഷിയായ റിലീജിയസ് സയണിസ്റ്റ് പാർട്ടിയെയും സർക്കാരിന്റെ ഭാഗമാക്കുന്നതിൽ എതിർപ്പില്ലെന്ന് ഐസൻകോട്ട് വ്യക്തമാക്കി. രാജ്യത്ത് രാഷ്ട്രീയ ഐക്യം വേണമെന്ന് ലിക്കുഡും റിലീജിയസ് സയണിസ്റ്റ് പാർട്ടിയും യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണക്കാൻ അവർക്ക് തടസ്സമുണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ആറാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇസ്രായേൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന, രാജ്യതാൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 27ന് നടന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ഐസൻകോട്ടിന്റെ നാല് പാർട്ടികൾ ഉൾപ്പെട്ട സഖ്യം 48 സീറ്റുകൾ നേടിയിരുന്നു. നെതന്യാഹുവിന്റെ വലതുപക്ഷ-ജൂതാധിഷ്ഠിത സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്.
ഫലസ്തീൻ വംശജരായ ഇസ്രായേൽ പൗരന്മാരെ പ്രതിനിധീകരിക്കുന്ന അറബ് പാർട്ടികൾ 19 സീറ്റുകൾ നേടിയിട്ടുണ്ട്. ഇവർ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അറബ് പാർട്ടികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം, യുനൈറ്റഡ് തോറാ ജൂഡായിസം, ഷാസ് എന്നീ തീവ്ര ഓർത്തഡോക്സ് പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ ഐസൻകോട്ടിന് 61 സീറ്റുകളുടെ പിന്തുണ ഉറപ്പാക്കാനാകും. പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചാൽ 61 സീറ്റുകളുടെ നേരിട്ടുള്ള പിന്തുണയില്ലാതെയും സർക്കാരുണ്ടാക്കാൻ സാധ്യതയുണ്ട്.
പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഐസൻകോട്ടിന്റെ ശ്രമങ്ങൾ അട്ടിമറിക്കാൻ നെതന്യാഹുവിന് ഇപ്പോഴും അവസരമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നാൽ അടുത്തതായി നെതന്യാഹുവിനെ ചുമതലപ്പെടുത്താനാണ് സാധ്യത. അദ്ദേഹത്തിനും കഴിയാത്ത സാഹചര്യമുണ്ടായാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതിനിടെ, പുതിയ സർക്കാർ അധികാരത്തിലെത്തുന്നതുവരെ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരാം.
ഐസൻകോട്ടിന്റെ നീക്കങ്ങൾ വിജയിക്കുമോ എന്നതിലുപരി, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റാൻ പ്രതിപക്ഷം യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇസ്രായേൽ രാഷ്ട്രീയത്തിലെ പ്രധാന ചോദ്യമെന്ന് അൽ ജസീറ റിപ്പോർട്ടർ നൂർ ഒദെ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ വംശജരായ ഇസ്രായേൽ പൗരന്മാരെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിനോടുള്ള എതിർപ്പ് കാരണം നെതന്യാഹുവിന് വീണ്ടും അധികാരത്തിൽ തുടരാനുള്ള സാഹചര്യം പ്രതിപക്ഷം തന്നെ സൃഷ്ടിക്കുമോ എന്നതും നിർണായകമാണ്.
2015 മുതൽ 2019 വരെ ഇസ്രായേൽ സൈനിക മേധാവിയായിരുന്ന ഐസൻകോട്ട്, 2023 ഒക്ടോബറിൽ ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന്റെ ആദ്യ എട്ടുമാസം നെതന്യാഹുവിന്റെ യുദ്ധ കാബിനറ്റിൽ നിരീക്ഷകനായി പ്രവർത്തിച്ചിരുന്നു. ഇസ്രായേലിലെ പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ഫലസ്തീൻ വിഷയത്തിലും നിർണായക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

