ലൂയിസിയാന വെടിവെപ്പ്: എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം, അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു
text_fieldsലൂയിസിയാന: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം. ഒന്നിനും 14-നുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിനിടെ, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ, 10 പേർക്കാണ് വെടിയേറ്റത്. അക്രമിയായ ഷമർ എൽക്കിന്‍സിനെ പൊലീസ് വധിച്ചു. മരിച്ചവരിൽ ഏഴ് പേർ ഷമർ എൽക്കിന്‍സിന്റെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത പ്രതി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കൊലയാളിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു. അമേരിക്കയിൽ പൊതുസ്ഥലത്തെ വെടിവെപ്പ് നിത്യസംഭവമാണ്. എന്നാൽ, കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ ഈ കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്.
ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തി മൂന്ന് വീടുകൾ കയറിയിറങ്ങിയാണ് വെടിയുതിർത്തത്. രണ്ടുവീടുകളിൽക്കയറി വെടിവെച്ചശേഷമാണ് അല്പംമാറിയുള്ള മറ്റൊരു വീട്ടിലേക്ക് അക്രമിയെത്തിയത്.
നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായ സംഭവമാണിതെന്നു മേയർ ടോം അഴ്സെനോക്സ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ അക്രമമാണിത്. അതേസമയം, യു.എസിലെ അയോവ സർവകലാശാലക്കുസമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

