750 കിലോ ലഹരിമരുന്ന്, രഹസ്യ ലാബുകൾ; ഈജിപ്ഷ്യൻ ടി.വി അവതാരകയുടെ രഹസ്യ സാമ്രാജ്യം തകർത്തത് ഇങ്ങനെ
text_fieldsകെയ്റോ: വൻതോതിലുള്ള ലഹരിമരുന്ന് നിർമാണ-കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത ടെലിവിഷൻ അവതാരക സാറാ ഖലീഫ (39) ഉൾപ്പെടെ 12 പേർക്ക് കെയ്റോ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ ക്രമസമാധാനവും കുറ്റകൃത്യങ്ങളും പ്രമേയമാക്കിയുള്ള ‘മിഷൻ ഇംപോസിബിൾ’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ അവതാരകയാണ് സാറാ ഖലീഫ. മാധ്യമപ്രവർത്തനത്തിന് പുറമെ കോസ്മെറ്റിക് സർജറി ക്ലിനിക്കും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഇവർ നടത്തുന്നുണ്ട്.
വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് സിന്തറ്റിക്ക് ഡ്രഗ്സ് നിർമിച്ച് വിൽപന നടത്തുന്ന സംഘടിത ക്രിമിനൽ സംഘത്തിൽ സാറയും മറ്റ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. ലഹരിവസ്തുക്കൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിലും അവ ഉത്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സംഘത്തിലെ വിവിധ അംഗങ്ങൾക്ക് പങ്കുണ്ടെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
കേസന്വേഷണത്തിനിടെ പ്രതികളിൽനിന്നും 750 കിലോഗ്രാമിലധികം ലഹരിവസ്തുക്കളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും അധികൃതർ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിർമാണത്തിനായി ലബോറട്ടറികളാക്കി മാറ്റിയ രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തു.
കേസിൽ ഉൾപ്പെട്ട മറ്റ് ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചപ്പോൾ ഏഴ് പേരെ കോടതി വെറുതെ വിട്ടു. വധശിക്ഷക്കെതിരെ അപ്പീൽ നൽകുമെന്ന് സാറയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിധി, വധശിക്ഷാ കേസുകളിലെ നടപടിക്രമങ്ങളുടെ ഭാഗമായി ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ ഔദ്യോഗിക മതപരമായ അഭിപ്രായം ലഭിച്ച ശേഷമാണ് സ്ഥിരീകരിച്ചത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ സാറാ ഖലീഫ പൂർണമായും നിഷേധിച്ചു. താൻ നിരപരാധിയാണെന്നും ഈജിപ്തിലെ ലഹരിവിരുദ്ധ അതോറിറ്റിയുടെ ഓഫിസിൽ വെച്ച് ഫോട്ടോ എടുക്കുന്നതിന് മുൻപ് ജീവിതത്തിൽ ഒരിക്കൽ പോലും മയക്കുമരുന്ന് നേരിൽ കണ്ടിട്ടില്ലെന്നും കോടതിയിൽ അവർ വാദിച്ചു. ജീവിതത്തിൽ ഇന്നുവരെ ഒരു സിഗരറ്റുപോലും വലിച്ചിട്ടില്ലെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സാറ
ദയവായി എന്റെ ഭാഗം കേൾക്കണം. മാതാപിതാക്കൾ എന്നെ നല്ല രീതിയിലാണ് വളർത്തിയത്. അവർ പ്രാർഥിക്കുന്ന മനുഷ്യരാണ്. എനിക്ക് ലഹരിമരുന്ന് വിറ്റ പണത്തിന്റെ ആവശ്യമില്ലെന്ന് സാറ ജഡ്ജിയോട് പറഞ്ഞു. വിവിധ ഡിജിറ്റൽ തെളിവുകൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവക്ക് പുറമെ 20 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷൻ കുറ്റപത്രം തയ്യാറാക്കിയത്. കേസിന്റെ അന്വേഷണഭാഗമായി 2025 ഏപ്രിലിലാണ് സാറ കെയ്റോയിൽ അറസ്റ്റിലാകുന്നത്. തുടർന്ന് അതേ വർഷം തന്നെ ഇവർക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
കൊലപാതകം, ഭീകരവാദം, ബലാത്സംഗം, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഈജിപ്തിൽ വധശിക്ഷ നിലവിലുണ്ട്. എന്നാൽ ലഹരിമരുന്ന് കേസുകളിൽ വധശിക്ഷ നൽകുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്
. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 2025-ൽ ഈജിപ്തിൽ 492 വധശിക്ഷകൾ വിധിക്കുകയും 23 എണ്ണം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ബോധപൂർവമുള്ള കൊലപാതക കേസുകളിൽ മാത്രമായി വധശിക്ഷ പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ വാദം. എന്നാൽ ഈജിപ്ഷ്യൻ കമ്മീഷൻ ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസിന്റെ റിപ്പോർട്ട് പ്രകാരം 2025ൽ 541 വധശിക്ഷാ വിധികളാണ് രാജ്യത്ത് ഉണ്ടായതെന്ന് ‘ഇൻഡിപെൻഡന്റ്’റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

