എബോള വൈറസ്: കോംഗോയിൽ ചികിത്സ കേന്ദ്രത്തിന് വീണ്ടും തീയിട്ടു; നിരീക്ഷണത്തിലായിരുന്ന 18 പേർ കടന്നുകളഞ്ഞു
text_fieldsബുനിയ (കോംഗോ): കിഴക്കൻ കോംഗോയിൽ എബോള ഭീതി പടരുന്നതിനിടെ ചികിത്സ കേന്ദ്രത്തിന് വീണ്ടും തീയിട്ട് ജനക്കൂട്ടം. തുടർന്നുണ്ടായ പരിഭ്രാന്തിക്കിടെ, എബോള ബാധ സംശയിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന 18 രോഗികൾ ജനവാസ മേഖലയിലേക്ക് കടന്നുക്കളഞ്ഞു.
മോങ്ബ്‌വാലു നഗരത്തിൽ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് സ്ഥാപിച്ച താൽക്കാലിക ചികിത്സ കേന്ദ്രത്തിന് നേരെയാണ് വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജനറൽ ആശുപത്രി ഡയറക്ടർ ഡോ. റിച്ചാർഡ് ലൊക്കൂഡി അറിയിച്ചു. രോഗം സംശയിക്കുന്നവർ സമൂഹത്തിലേക്ക് കലർന്നത് രോഗവ്യാപന തോത് വർധിപ്പിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ മേഖലയിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വ്യാഴാഴ്ച റവാംപാര നഗരത്തിലും സമാനമായ രീതിയിൽ ചികിത്സ കേന്ദ്രം ജനക്കൂട്ടം അഗ്നിക്കിരയാക്കിയിരുന്നു. എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാൻ ബന്ധുക്കൾക്ക് വിട്ടുനൽകാത്തതിനെ തുടർന്നായിരുന്നു അവിടെ അക്രമമുണ്ടായത്.
എബോള ബാധിതരുടെ മൃതദേഹങ്ങളിൽനിന്നും രോഗം പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് അധികൃതർ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. റെഡ് ക്രോസ് വളന്റിയർമാർ പി.പി.ഇ കിറ്റുകൾ ധരിച്ച് നടത്തിയ കൂട്ടസംസ്കാര ചടങ്ങുകൾക്ക് സൈനിക-പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കോംഗോയിൽ നിലവിലെ എബോള ഭീഷണി 'അതീവ ഗുരുതരം' എന്ന ഘട്ടത്തിലേക്ക് ലോകാരോഗ്യ സംഘടന മാറ്റിയിട്ടുണ്ട്. ലഭ്യമായ പ്രതിരോധ വാക്സിനുകൾ ഫലിക്കാത്ത 'ബുന്ദിബുഗ്യോ' എന്ന അപൂർവ ഇനം വൈറസാണ് ഇവിടെ പടരുന്നത്. ഔദ്യോഗികമായി 82 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ യഥാർഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം വ്യക്തമാക്കി. നിലവിൽ 750 ഓളം പേർ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

