എബോള വൈറസ്; രോഗബാധിതരും മരണനിരക്കും ഉയർന്നെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം
text_fieldsകോംഗോ: കിഴക്കൻ കോംഗോയിൽ എബോള വ്യാപനം രൂക്ഷമാണെന്ന് റിപ്പോർട്ട്. ആകെ രോഗബാധിതരുടെ എണ്ണം 782 ആയതായും മരണനിരക്ക് 181 ആയി ഉയർന്നെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ സ്ഥിരീകരിച്ചതിനേക്കാൾ എത്രയോ മുകളിലാണ് യഥാർഥത്തിൽ രോഗബാധിതരുടെ എണ്ണമെന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ വിലയിരുത്തുന്നത്.
കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് നിലവിൽ രോഗബാധ ഏറ്റവും രൂക്ഷം. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 90 ശതമാനവും ഇറ്റൂരിയിലാണ്. ഇതിനുപുറമെ നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലും രോഗബാധ വ്യാപകമാണ്. കോംഗോയുടെ അതിർത്തി കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലും നിലവിൽ രോഗം പടർന്നുപിടിച്ചിട്ടുണ്ട്. മേയ് 15നാണ് രാജ്യത്ത് ഔദ്യോഗികമായി എബോള സ്ഥിരീകരിച്ചതെങ്കിലും, അതിനും ആഴ്ചകൾക്ക് മുൻപ് തന്നെ രോഗവ്യാപനം ആരംഭിച്ചിരുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇപ്പോൾ പടരുന്ന 'ബുന്ദിബുഗ്യോ' വൈറസിന് നിലവിൽ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. രോഗബാധിതരിൽ 56 പേർ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിലെ മരണനിരക്ക് 23 ശതമാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറ്റൂരി പ്രവിശ്യയിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് പത്ത് ലക്ഷത്തോളം ആളുകളാണ് പ്രദേശത്ത് അഭയാർഥികളാക്കപ്പെട്ടത്. നിരന്തരമായ ആക്രമണങ്ങൾ ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത് സമ്പർക്കപ്പട്ടിക തയാറാക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. വനപ്രദേശങ്ങളും മോശം റോഡുകളും കാരണം ഉൾഗ്രാമങ്ങളിൽ എത്തുവാൻ ദിവസങ്ങളോളം സമയമെടുക്കുന്നതും തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

