'എബോളയെ തടയാനാകും'; വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഡബ്ല്യു.എച്ച്.ഒ മേധാവി കോംഗോയിൽ
text_fieldsഡോ. ടെഡ്രോസ് അഥാനം ഗെബ്രിയേസൂസ് കിൻഷാസയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ഫോട്ടോ: Arsene Mpiana/Reuters
കിൻഷാസ: കോംഗോയിൽ (ഡി.ആർ.സി) പടർന്നുപിടിക്കുന്ന മാരകമായ എബോള രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) മേധാവി ട്രെഡ്രോസ് അഥാനം ഗെബ്രിയേസസ് . രോഗബാധിത പ്രദേശങ്ങളിൽ സായുധ ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര യുദ്ധം പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സായുധ ഗ്രൂപ്പുകൾ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ എബോള വ്യാപനത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം ബാധിക്കുന്ന പത്തിൽ അഞ്ചുപേർ വരെ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആയിരത്തിലധികം ആളുകളിൽ രോഗബാധ സംശയിക്കുന്നുണ്ട്. അതേസമയം, രോഗബാധ സ്ഥിരീകരിച്ച ശേഷം രണ്ട് തവണ നടത്തിയ പരിശോധനയും നെഗറ്റീവ് ആയി ഒരു രോഗി പൂർണമായി സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു. നിലവിലെ ഈദ് വ്യാപനത്തിലെ ആദ്യത്തെ ഔദ്യോഗിക രോഗമുക്തിയാണിത്.
സ്വർണ്ണം ഉൾപ്പെടെയുള്ള ധാതുസമ്പന്നമായ ഇട്ടൂരി പ്രവിശ്യയിലാണ് ഇത്തവണ രോഗവ്യാപനത്തിന്റെ കേന്ദ്രം. ഇവിടെ റുവാണ്ടയുടെ പിന്തുണയുള്ള എം.23 ഉൾപ്പെടെയുള്ള സായുധ സംഘടനകൾ തമ്മിലുള്ള പോരാട്ടവും ജനങ്ങളുടെ പലായനവും മൂലം ആരോഗ്യപ്രവർത്തകർക്ക് ഇവിടങ്ങളിലേക്ക് എത്തുന്നതിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ട്. ജനുവരി മുതൽ ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഇവിടുന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
എബോള ബാധിച്ച് ഒരാൾ മരണപ്പെടുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ അയൽരാജ്യമായ ഉഗാണ്ട കോംഗോയുമായുള്ള അതിർത്തികൾ അടിയന്തരമായി അടച്ചുപൂട്ടി. എന്നാൽ, അതിർത്തികൾ അടക്കുന്നത് ആളുകൾ രഹസ്യവഴികളിലൂടെ രാജ്യം കടക്കാൻ കാരണമാകുമെന്നും ഇത് രോഗനിർണയം കൂടുതൽ സങ്കീർണമാക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിൽ പടർന്നുപിടിക്കുന്ന 'ബുന്ദിബുഗ്യോ' എന്ന എബോള വകഭേദത്തിന് നിലവിൽ അംഗീകൃത ചികിത്സകളൊന്നുമില്ല. എങ്കിലും വാക്സിനുകളുടെയും പുതിയ മരുന്നുകളുടെയും ക്ലിനിക്കൽ ട്രയലുകൾക്ക് ലോകാരോഗ്യ സംഘടന ശിപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വാക്സിൻ സജ്ജമായേക്കുമെന്ന് ആഫ്രിക്കൻ യൂനിയൻ ആരോഗ്യ ഏജൻസി വ്യക്തമാക്കി.
അതിനിടെ, എബോള ബാധിച്ച അമേരിക്കൻ പൗരന്മാരെ പാർപ്പിക്കുന്നതിനായി കെനിയയിൽ അടിയന്തര ക്വാറന്റൈൻ-ചികിത്സാ കേന്ദ്രം സ്ഥാപിക്കാനുള്ള യു.എസ് നീക്കത്തിന് കെനിയൻ ഹൈക്കോടതി താത്കാലിക സ്റ്റേ ഏർപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ജീവനും ആരോഗ്യസംരക്ഷണത്തിനും ഭീഷണിയാകുന്നതാണ് ഈ കരാറെന്ന് ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി. കെനിയയിലെ ഇതിനകം തന്നെ പ്രതിസന്ധിയിലായ ആരോഗ്യരംഗത്തിന് ഇത് കൂടുതൽ ആഘാതമുണ്ടാക്കുമെന്നാണ് ആക്ഷേപം. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് കെനിയയിലെ മെഡിക്കൽ യൂനിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിയന്തര സഹായം എത്തിക്കുന്നതിനായി, കെനിയയിലെ നെയ്‌റോബിയിൽ യു.എൻ (UN) വിമാനത്തിലേക്ക് തൊഴിലാളികൾ ലോകാരോഗ്യ സംഘടനയുടെ അടിയന്തര സാമഗ്രികൾ കയറ്റുന്നു. ഫോട്ടോ: Andrew Kasuku/AP
എബോള തങ്ങളുടെ രാജ്യത്തേക്ക് എത്താതിരിക്കാൻ മുൻകരുതലായി കെനിയയിലെ വ്യോമസേനാ താവളത്തിൽ 50 കിടക്കകളുള്ള ചികിത്സാ കേന്ദ്രം വെള്ളിയാഴ്ചയോടെ പ്രവർത്തനസജ്ജമാക്കാനായിരുന്നു യു.എസ് പദ്ധതി. ഇതിനായി യു.എസ് 13.5 മില്യൺ ഡോളർ കെനിയക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 112 മില്യൺ ഡോളർ കൂടി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ 15,000ത്തിലധികം ആളുകളുടെ ജീവനാണ് എബോള കവർന്നത്. കോംഗോയിലെ ചരിത്രത്തിലെ 17-ാമത്തെ എബോള വ്യാപനമാണിത്. നിലവിലെ പ്രതിസന്ധി നേരിടാൻ ലോകാരോഗ്യ സംഘടനയും യുനിസെഫും ടൺ കണക്കിന് അടിയന്തര സഹായ സാമഗ്രികൾ വ്യോമമാർഗം കോംഗോയിൽ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

