അമിത ഭാരം, പറന്നുയരാൻ കഴിയില്ല; പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെ ഇറക്കിവിട്ട് ഈസിജെറ്റ് വിമാനം
text_fieldsലണ്ടൻ: ബോർഡിങ്ങിന്റെ അവസാന നിമിഷം, പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് യാത്രക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ഈസിജെറ്റ് വിമാനത്തിന്റെ പൈലറ്റ്. റൺവേയുടെ നീളക്കുറവും ശക്തമായ കാറ്റും കാരണം വിമാനത്തിന് സുരക്ഷിതമായി പറന്നുയരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഏപ്രിൽ 11നായിരുന്നു സംഭവം. ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽനിന്ന് സ്‌പെയിനിലെ മലാഗയിലേക്ക് പോയ ഈസിജെറ്റ് വിമാനത്തിലെ യാത്രക്കാരോടാണ് അധികൃതർ സുരക്ഷിതമായി പറന്നുയരാൻ കഴിയാത്തത്ര ഭാരം വിമാനത്തിലുണ്ടെന്നു കാണിച്ച് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. വിമാനത്തിന്റെ ഭാരം, കാലാവസ്ഥ, റൺവേയിലെ പരിമിതികൾ എന്നിവയെല്ലാമാണ് ഈ നടപടിക്ക് കാരണമായതെന്ന് ഈസിജെറ്റ് അധികൃതർ അറിയിച്ചു. കാറ്റ് പ്രതികൂലമായതും റൺവേയുടെ വലിപ്പക്കുറവുമെല്ലാം ഇതിന് കാരണമായതായാണ് പറയുന്നത്.
ആദ്യം കുറച്ച് യാത്രക്കാരോട് സ്വയം വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അതിന് ആളുകൾ തയാറാവാത്തതിനെത്തുടർന്ന് ലഗേജുകൾ വിമാനത്തിൽനിന്ന് മാറ്റേണ്ടിവരുമെന്ന അറിയിപ്പ് വന്നു. ഇതെത്തുടർന്ന് പലരും ഇറങ്ങാൻ തയാറാവുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനം എടുത്തതെന്നും സുരക്ഷക്കാണ് എപ്പോഴും മുൻഗണനയെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
1856 മീറ്റർ മാത്രം റൺവേയുള്ള സൗത്ത്എൻഡ് പോലുള്ള ചെറിയ റൺവേകളുള്ള വിമാനത്താവളങ്ങളിൽ ചില സമയങ്ങളിൽ ഇത്തരം നടപടികൾ വേണ്ടിവരാറുണ്ടെന്നും അവർ പറയുന്നു. വിമാനത്തിൽനിന്ന് ഇറങ്ങേണ്ടി വന്നവർക്ക് അതേ ദിവസം തന്നെ സൗജന്യ യാത്രാ സൗകര്യവും മലാഗയിലേക്ക് ബദൽ വിമാന സർവിസും ഏർപ്പെടുത്തിയതായും ഈസിജെറ്റ് അറിയിച്ചു. നിയമാനുസൃതമായ നഷ്ടപരിഹാരം യാത്രക്കാർക്ക് നൽകുമെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

