ഇസ്രായേലിൽ ക്രൈസ്തവ ചർച്ചിന് നേരെ ആക്രമണം; കല്ലെറിഞ്ഞും തുപ്പിയും കുടിയേറ്റക്കാർ
text_fieldsജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിലെ അർമേനിയൻ ക്രൈസ്തവ ചർച്ചിന് നേരെ ഇസ്രായേലി കുടിയേറ്റക്കാർ ആക്രമണം നടത്തിയതായി ഫലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഴയ നഗരത്തിലെ ചർച്ചിന് നേരെയായിരുന്നു ആക്രമണമെന്നും പള്ളിയുടെ പ്രവേശന കവാടത്തിൽ തുപ്പുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തുവെന്നും ജറുസലേം ഗവർണറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ഗവർണറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് പേർ ചർച്ചിന്റെ പ്രവേശന ഭാഗത്ത് തുപ്പുകയും തുടർന്ന് കല്ലെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
ജറുസലേമിലെ പഴയ നഗരത്തിലുള്ള ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ജൂതർ തുപ്പുന്ന സംഭവം കഴിഞ്ഞ മാസങ്ങളിലും ഉണ്ടായിരുന്നു.
ഈ വർഷം തുടക്കം മുതൽ ക്രിസ്ത്യാനികൾക്കും അവരുടെ പുണ്യസ്ഥലങ്ങൾക്കുമെതിരെ ഇസ്രായേൽ കുടിയേറ്റക്കാരും സൈനികരും 45 ആക്രമണങ്ങളെങ്കിലും നടത്തിയതായി ഫലസ്തീൻ ഹയർ പ്രസിഡൻഷ്യൽ കമ്മിറ്റി ഫോർ ചർച്ച് അഫയേഴ്‌സ് അറിയിച്ചു.
കിഴക്കൻ ജറുസലേമിൽ ഒരു അറബ് ബസ് ഡ്രൈവർക്കെതിരെ ഒരു സംഘം ഇസ്രായേലി കുടിയേറ്റക്കാർ അക്രമാസക്തമായ ആക്രമണം നടത്തിയതായും ഗവർണറേറ്റ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവറെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
2023 ഒക്ടോബറിൽ ഗസ്സ വംശഹത്യ ആരംഭിച്ചശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീനികൾക്കെതിരെയും അവരുടെ സ്വത്തുക്കൾക്കെതിരെയും ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അധിനിവേശ പ്രദേശത്ത് ഇതുവരെ 1,182 ഫലസ്തീനികൾ കൊല്ലപ്പെടുകയും 13,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ഏകദേശം 24,000 പേർ അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

