ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്
text_fieldsടോക്കിയോ: ജപ്പാനിലെ കുമമോട്ടോ മേഖലയിൽ ചൊവ്വാഴ്ച 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി തെക്കൻ ദ്വീപായ ക്യൂഷു മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തീരപ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം നൽകുകയും ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ഏകദേശം ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്. ഭൂചലനത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാൽ, ആളപായമോ നാശനഷ്ടമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
ക്യൂഷുവിൽ സ്ഥിതി ചെയ്യുന്ന കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക, സാഗ, ഒയിറ്റ, മിയാസാക്കി പ്രിഫെക്ചറുകൾക്ക് ജപ്പാൻ ഭരണകൂടം അടിയന്തര ഭൂകമ്പ മുന്നറിയിപ്പുകൾ നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തീരദേശവാസികളോട് കടൽത്തീരങ്ങളും നദീതീരങ്ങളും ഒഴിവാക്കി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ജപ്പാൻ അധികൃതർ നിർദേശം നൽകി. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ജൂൺ 25ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ ആളപായമോ വലിയ നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയറിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ ലോകത്തിലെ ഏറ്റവും ഭൂകമ്പ സജീവമായ രാജ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

