തുർക്കി ഭൂചലനം: രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും അയക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും തുർക്കിയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു . പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) രണ്ട് സംഘത്തെയാണ് ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി അയക്കുന്നത്. കൂടാതെ മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാരെ അവശ്യമരുന്നുകളുമായി അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ 4.17ഓടെയായിരുന്നു ശക്തമായ ഭൂചലനം. സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെന്‍റപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.സിറിയയിൽ ഗവർമെന്‍റ് അധീനതയിലുള്ള മേഖലയിലും വിമത നിയന്ത്രണത്തിലുള്ള മേഖലയിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 1000 ലേറെ മരണം രാജ്യത്ത് സംഭവിച്ചതായി സിറിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ വരുംനാളുകളിൽ ഉയരുമെന്നാണ് ആശങ്ക.