ആഗോള ക്രമം കടുത്ത സമ്മർദ്ദത്തിൽ; ബഹുസ്വരതയും അന്താരാഷ്ട്ര നിയമങ്ങളും ശക്തിപ്പെടുത്തണമെന്ന് യുഎന്നിൽ ഇന്ത്യ
text_fieldsഎസ്. ജയശങ്കർ
ന്യൂയോർക്ക്: യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ക്രമത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തിൽ, ആഗോള തീരുമാനങ്ങൾ കൂടുതൽ സുതാര്യവും പങ്കാളിത്തപരവുമാക്കാൻ അന്താരാഷ്ട്ര തലത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ആദ്യമായി സംഘടിപ്പിച്ച 'പാർട്ണേഴ്സ് ഫോർ മൾട്ടിലാറ്ററലിസം, ഇന്റർനാഷണൽ ലോ, പീസ് ആൻഡ് പ്രോസ്പെരിറ്റി' (പി4എം) ഉച്ചകോടിക്ക് സഹ-അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ നിർണായക ആഹ്വാനം നടത്തിയത്. ഓസ്‌ട്രേലിയ, ബാർബഡോസ്, ബ്രസീൽ, കാനഡ, കെനിയ, യൂറോപ്യൻ യൂണിയൻ എന്നിവർക്കൊപ്പം ഇന്ത്യയും ഈ സുപ്രധാന ഉച്ചകോടിയുടെ സഹ-പ്രായോജകരായിരുന്നു.
'ആഗോള ക്രമം കടുത്ത സമ്മർദ്ദത്തിലായിരിക്കുന്ന നിർണായക ഘട്ടത്തിലാണ് നാം ഒത്തുചേർന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്ത് സംഭവിച്ചുവന്ന അധികാര സന്തുലനത്തെ നിലവിലെ കടുത്ത മത്സരങ്ങളും സംഘർഷങ്ങളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെ നിയന്ത്രിച്ചില്ലെങ്കിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടും,' എന്ന് ജയശങ്കർ മുന്നറിയിപ്പ് നൽകി. കാലഹരണപ്പെട്ട വ്യവസ്ഥിതികൾക്ക് പകരം 'നവീകരിച്ച ബഹുസ്വരത' അടിയന്തര ആവശ്യമായി മാറിയിരിക്കുന്നുവെന്നും, യുഎൻ വേദികളിൽ കൂടിയാലോചനകൾ കൂടുതൽ പങ്കാളിത്തമുള്ളതും തീരുമാനങ്ങൾ പൂർണമായും സുതാര്യവുമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന '4F' പ്രശ്നങ്ങൾ (ഇന്ധനം, ഭക്ഷണം, വളം, ധനകാര്യം) ഇനി അവഗണിക്കാൻ കഴിയില്ലെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ അപകടസാധ്യതകൾ കൈകാര്യം ചെയ്യാൻ സുരക്ഷിതമായ ആഗോള ചട്ടക്കൂടുകൾ നിർമിക്കണമെന്നും, ആഗോള വ്യാപാര-വിതരണ ശൃംഖലകൾ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ മാത്രം തടസ്സപ്പെടാതിരിക്കാൻ സപ്ലൈ ചെയിനുകൾ വൈവിധ്യവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കപ്പെടുമ്പോൾ മാത്രമേ ബഹുസ്വരതയ്ക്ക് കരുത്തുപകരാനാവൂ എന്നും, ആഗോള സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, ദുരന്ത നിവാരണം, പകർച്ചവ്യാധി പ്രതിരോധം എന്നിവയിൽ രാഷ്ട്രങ്ങൾ പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി, ബ്രസീലിയൻ വിദേശകാര്യ മന്ത്രി മൗറോ വിയേര, കനേഡിയൻ പ്രതിനിധി ഡേവിഡ് ലമേറ്റി തുടങ്ങിയ പ്രമുഖ ആഗോള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ആഗോള സംഘർഷങ്ങൾ വർധിക്കുമ്പോൾ മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ രാജ്യാന്തര സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെന്ന് കെനിയൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയപ്പോൾ, ഒറ്റയ്ക്ക് നിന്ന് വെല്ലുവിളികളെ അതിജീവിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈൻ, ഗസ്സ ഉൾപ്പെടെയുള്ള ആഗോള യുദ്ധങ്ങളിൽ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നീ വൻശക്തികൾ തമ്മിലുള്ള വീറ്റോ ഭിന്നതകൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സഖ്യത്തിന്റെ കടന്നുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

