ആംസ്റ്റർഡം: നെതർലൻഡ്സിൽ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 89 വയസുകാരി മരിച്ചു. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ കേസാണിത്. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ മരണപ്പെടുന്നത്. ഇതുവരെ 23 പേർക്കാണ് അത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
അപൂർവ്വമായ ബോൺ മാരോ കാൻസർ ബാധിതയായി ചികിത്സയിലിരുന്ന സ്ത്രീക്ക് ആദ്യം കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. കോവിഡ് മുക്തയായതോടെ കീമോ തെറാപ്പി തുടർന്ന സ്ത്രീ രണ്ടാം ദിവസം തന്നെ വീണ്ടും കോവിഡ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.
പനിയും ശക്തമായ ചുമയും ശ്വാസ തടസ്സവും അടക്കം സ്ഥിതി ഗുരുതരമാവുകയായിരുന്നു. പരിശോധനയിൽ കോവിഡ് വീണ്ടും സ്ഥിരീകരിച്ചു. 14 ദിവസത്തോളം ചികിത്സ വീണ്ടും തുടർന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാൻസർ രോഗിയായതിനാൽ അവരുടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടിരുന്നതായി നെതർലൻഡ്സി മാസ്ട്രിഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു.