കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി നെതർലാൻഡ്
text_fieldsആംസ്റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി നെതർലാൻഡ്. കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെയാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്. മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
ശനിയാഴ്ച രാത്രിയാണ് ലോക്ഡൗൺ ആരംഭിക്കുക. കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ് നെതർലാൻഡ്. ലോക്ഡൗൺ കാലയളവിൽ ബാറുകളും റസ്റ്ററന്‍റുകളും സൂപ്പർമാർക്കറ്റുകളും എട്ട് മണിക്ക് അടക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തണം. ആവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന കടകൾ ആറ് മണിക്ക് അടക്കണമെന്നും സർക്കാർ അറിയിച്ചു. സന്തോഷകരമല്ലാത്ത വാർത്ത അറിയിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു നെതർലാൻഡ് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്.
നെതർലാൻഡ്-നോർവേ ലോകകപ്പ് യോഗ്യത മത്സരം അടച്ചിട്ട സ്റ്റേഡയത്തിലാവും നടക്കുക. 16,364 പേർക്കാണ് കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് നെതർലാൻഡ്സിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. 18,000ത്തോളം പേർ ഇതുവരെ നെതർലാൻഡ്സിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
യുറോപ്പിലെ ചില രാജ്യങ്ങൾ കോവിഡിന്‍റെ കാര്യത്തിൽ മോശം അവസ്ഥയിലേക്ക് പോവുകയാണെന്ന് ലോകാരോഗ്യ സംഘടന എമർജൻസീസ് തലവൻ ഡോ മൈക്കിൾ റയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുറോപ്യൻ രാജ്യങ്ങൾ ഹൃസ്വകാലത്തേക്ക് എങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

