ഗസ്സയിൽ അഭയാർഥികളുടെ തമ്പിൽ ഡ്രോൺ ആക്രമണം; 24 മണിക്കൂറിനിടെ 30 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ: തെക്കൻ ഗസ്സയിലെ അൽ മവാസിയിൽ അഭയാർഥികൾ താമസിച്ച തുണികൊണ്ടുള്ള തമ്പിൽ ഇസ്രായേൽ സൈന്യം ഡ്രോൺ ആക്രമണം നടത്തി. അഞ്ചുപേർ ഇവിടെ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയിൽ 30 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 58,603 ആയി. 1,39,657 പേർക്ക് പരിക്കേറ്റു. തിരക്കേറിയ സ്ഥലങ്ങളിലും ഭക്ഷണവും വെള്ളവും കാത്തുനിൽക്കുന്നയിടങ്ങളിലും ബോംബ് വർഷിച്ച് കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. ഇത് വംശഹത്യയാണെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം പരിഗണിക്കാതെ അവർ കൂട്ടക്കൊല തുടരുകയാണ്.
ഉപരോധം കാരണം കടുത്ത പട്ടിണിയിലാണ് ഗസ്സക്കാർ. വിശപ്പ് കാരണം ആളുകൾക്ക് മാനസിക സമ്മർദവും ഓർമനഷ്ടവും ഉണ്ടാകുന്നതായി അൽ ശിഫ ആശുപത്രിയിലെ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. പട്ടിണിമരണവും സംഭവിക്കുന്നുണ്ട്. ആശുപത്രികൾ തകർത്തത് കാരണം പരിക്കേറ്റവർക്ക് ചികിത്സ നൽകാനും കഴിയുന്നില്ല.
വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് നാമമാത്ര രീതിയിൽ പ്രവർത്തിക്കുന്നത്. അതിനിടെ ഇസ്രായേലി മാധ്യമമായ മആരിവ് നടത്തിയ സർവേയിൽ 44 ശതമാനം ആളുകൾ ഗസ്സ യുദ്ധം ലക്ഷ്യം കൈവരിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. 42 ശതമാനം പേർ സൈനിക നീക്കത്തിലൂടെ ഹമാസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് പറഞ്ഞപ്പോൾ 11 ശതമാനം പേർ ഒന്നും പറഞ്ഞില്ല.
കഴിഞ്ഞ ദിവസം ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ഇസ്രായേൽ ആക്രമണത്തിൽ തകർന്നതിൽ ഖേദം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പോപ് ലിയോ മാർപ്പാപ്പയെ ഫോണിൽ വിളിച്ചതായി വത്തിക്കാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

