സുഡാനിൽ ഡ്രോണാക്രമണം; 33 കുട്ടികളടക്കം 50 മരണം
text_fieldsകൈറോ: സുഡാൻ പ്രവിശ്യയായ കുർദുഫാനിൽ കിൻഡർഗാർട്ടനിൽ അർധ സൈനിക വിഭാഗം നടത്തിയ ഡ്രോണാക്രമണത്തിൽ 33 കുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു. കലോഗി പട്ടണത്തിലാണ് നാടിനെ നടുക്കിയ ആക്രമണം. മരണസംഖ്യ കൂടിയേക്കുമെന്ന് പാരാമെഡിക്കൽ ജീവനക്കാർ പറഞ്ഞു.
അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർ.എസ്.എഫ്) സുഡാൻ സൈന്യവും തമ്മിൽ രണ്ടുവർഷമായി തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം. എണ്ണ സമ്പന്നമായ കുർദുഫാൻ മേഖലയിൽ സമീപനാളുകളിൽ സംഘട്ടനം അതിശക്തമാണ്. കഴിഞ്ഞ ആഴ്ചകളിൽ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഞായറാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിലേറെയും സിവിലിയന്മാരാണ്. സുഡാനിലെ അൽഫാഷിർ മേഖലയിലേതിന് സമാനമായ മനുഷ്യഹത്യക്കാണ് കുർദുഫാനും സാക്ഷിയാകുന്നതെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് പറഞ്ഞു. അൽഫാഷിർ ആർ.എസ്.എഫിന്റെ കൈകളിലായതിനു പിന്നാലെ ഇവിടെ അരങ്ങേറിയത് സിവിലിയൻ നരഹത്യക്ക് പുറമെ, കൂട്ടബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളുമാണ്.
2023ൽ തുടങ്ങിയ സൈന്യവും ആർ.എസ്.എഫും തമ്മിലെ സംഘർഷങ്ങളിൽ ഇതിനകം 48,000 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണസംഖ്യ ഇതിലേറെ വരുമെന്ന് ആശങ്കയുണ്ട്. ഒരു കോടിയിലേറെ പേർ വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

