'ശിക്ഷാനടപടികളിൽ നിന്ന് സംരക്ഷിക്കപ്പെടുന്ന ഒരു 'സൈക്കോപാത്ത്' ആണ് ഇസ്രായേൽ': ഗാബർ മാറ്റെ
text_fieldsഡോ. ഗാബർ മാറ്റെ
ജറുസലേം: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെയും ഇസ്രായേലിന് പാശ്ചാത്യ ശക്തികൾ നൽകുന്ന അമിത സംരക്ഷണത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രശസ്ത കനേഡിയൻ-ഹംഗേറിയൻ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. ഗാബർ മാറ്റെ. 'ഇസ്രായേൽ ഇന്ന് ശിക്ഷാനടപടികളിൽ നിന്ന് പൂർണ സംരക്ഷണം ലഭിക്കുന്ന ഒരു മനോരോഗിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്' ഗാബർ നിരീക്ഷിക്കുന്നു. മാനസികാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ലോകപ്രശസ്തനായ അദ്ദേഹം, ഹോളോകോസ്റ്റ് അതിജീവിച്ച ജൂത വംശജൻ എന്ന നിലയിലും സയണിസത്തിന്റെ വിമർശകൻ എന്ന നിലയിലുമാണ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നത്. ചരിത്രപരമായി തങ്ങൾ അനുഭവിച്ച പീഡനങ്ങളുടെ ഓർമകൾ, മറ്റൊരു ജനതയോട് ചെയ്യുന്ന ക്രൂരതകളെ ന്യായീകരിക്കാനുള്ള സ്ഥിരമായ അവകാശവാദമായി മാറുന്നതിന്റെ അപകടത്തെയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്.
ഡോ. ഗാബർ മാറ്റെയുടെ പ്രധാന നിരീക്ഷണങ്ങൾ
തന്റെ മുത്തശ്ശനും മുത്തശ്ശിയും 'ഓഷ്‌വിറ്റ്‌സ്' കോൺസെൻട്രേഷൻ ക്യാമ്പിൽ കൊല്ലപ്പെട്ടവരാണെന്നും, ആറ് മാസം പ്രായമുള്ളപ്പോൾ താനും അമ്മയും അവിടെയെത്തേണ്ടതായിരുന്നുവെന്നും ഗാബർ മാറ്റെ ഓർമിപ്പിക്കുന്നു. എന്നാൽ, ഈ ചരിത്രപരമായ ദുരന്തം ഫലസ്തീനികളോട് ഇസ്രായേൽ കാണിക്കുന്ന ക്രൂരതകളെ ന്യായീകരിക്കാനുള്ള ധാർമിക അധികാരം നൽകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിന്യമിൻ നെതന്യാഹുവിനോ ഏതെങ്കിലും മതനേതാവിനോ ലോകത്തെ മുഴുവൻ ജൂതന്മാരുടെയും പ്രതിനിധിയായി സംസാരിക്കാൻ അവകാശമില്ല. സ്വയം ഒരു 'നിത്യ ഇരയായി' കാണുന്ന മാനസികാവസ്ഥ വളർന്നാൽ, തങ്ങൾ ചെയ്യുന്നതെല്ലാം ന്യായമാണെന്നും തങ്ങൾക്കെതിരെ നടക്കുന്നതെല്ലാം കുറ്റകൃത്യമാണെന്നുമുള്ള അപകടകരമായ ചിന്താഗതിയിലേക്ക് അത് നയിക്കും.
ഹോളോകോസ്റ്റ് സ്മരണകളെ ഇസ്രായേൽ ഭരണകൂടത്തിന്റെ നയങ്ങളെ ന്യായീകരിക്കാനുള്ള ഉപകരണമായി മാറ്റുന്ന 'ഹോളോകോസ്റ്റ് വ്യവസായത്തെ' അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ന് പല ജൂത സ്ഥാപനങ്ങളിലും ആത്മീയതയ്ക്ക് പകരം ഇസ്രായേൽ എന്ന രാഷ്ട്രം തന്നെ ഒരു മതമായി മാറിയിരിക്കുകയാണ്. ഒരു രാഷ്ട്രത്തോടുള്ള വിധേയത്വം മതവിശ്വാസമായി മാറുമ്പോൾ, ഭരണകൂടത്തിന്റെ തെറ്റുകളെ വിമർശിക്കുന്നത് സ്വന്തം സമുദായത്തിന് നേരെയുള്ള ആക്രമണമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതുമൂലം സ്വന്തം കുടുംബത്തോട് സ്നേഹമുള്ള സാധാരണക്കാർക്ക് പോലും ഫലസ്തീനികൾ കൊല്ലപ്പെടുന്നത് കണ്ട് അതിനെ ന്യായീകരിക്കാൻ സാധിക്കുന്നു. ഫലസ്തീൻ കുട്ടികളുടെ ദുരിതം 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമാണ് തുടങ്ങിയതെന്ന വാദത്തെ മാറ്റെ തള്ളിക്കളയുന്നു. ഗസ്സയിൽ ഹമാസ് അധികാരത്തിൽ വരുന്നതിന് മുൻപ് 2004-ൽ നടന്ന പഠനങ്ങളിൽ തന്നെ ഫലസ്തീൻ കുട്ടികളിൽ കടുത്ത മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ (പേടിസ്വപ്നങ്ങൾ, ഉത്കണ്ഠ, മരണഭയം) കണ്ടെത്തിയിരുന്നു. തന്റെ ശൈശവത്തിലെ ഭീതി കാരണം 13 വയസ്സുവരെ താൻ കിടക്കയിൽ മൂത്രമൊഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, യുദ്ധത്തിന്റെ ആഘാതങ്ങൾ തലമുറകളോളം നീണ്ടുനിൽക്കുന്നതാണെന്ന് സിറിയൻ കുടുംബങ്ങളിൽ നടന്ന 2025-ലെ പഠനങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.
എഴുത്തുകാരി അരുന്ധതി റോയ് ഉപയോഗിച്ച 'ഇൻഫ്രാസ്ട്രക്ചർ ഓഫ് ഇംപ്യൂണിറ്റി' എന്ന പദം കടമെടുത്തുകൊണ്ട്, ഇസ്രായേലിന്റെ അക്രമങ്ങൾക്ക് പാശ്ചാത്യ ലോകം നൽകുന്ന പിന്തുണയെ മാറ്റെ വിമർശിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വ താല്പര്യങ്ങളിൽ തുടങ്ങി പിന്നീട് അമേരിക്കയുടെ തന്ത്രപരമായ പിന്തുണയോടെയാണ് ഇസ്രായേൽ വളർന്നത്. അമേരിക്കൻ പിന്തുണ ജൂതന്മാരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൻശക്തികളുടെ സംരക്ഷണം എക്കാലവും നിലനിൽക്കുമെന്ന് കരുതുന്നത് വലിയ അപകടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 2026 നവംബറിൽ ഇസ്രായേലിനുള്ള 400 കോടി ഡോളറിന്റെ വാർഷിക സഹായം നിർത്തലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. അടിച്ചമർത്തലിലൂടെ സൃഷ്ടിക്കപ്പെടുന്ന ശത്രുത ഒടുവിൽ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്നും, സയണിസത്തെ 'സമ്പൂർണ ആത്മീയ, ധാർമിക, ദുരന്തമായി' ചരിത്രം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാരനെ ഇരയായും ഇരയെ വേട്ടക്കാരനായും ചിത്രീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശൈലിയെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

