കമാൽ അദ്‍വാൻ ആശുപത്രി പരിസരത്ത് ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 60 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: കമാൽ അദ്‍വാൻ ആശുപത്രി പരിസരത്ത് ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ആക്രമണത്തിൽ 60 ഓളം പേർ കൊല്ലപ്പെട്ടുവെന്നും 1,000ത്തോളം പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ കമാൽ അദ്‍വാൻ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെയും പരിസരങ്ങളിലെയും സ്ഥിതി ദുരിതപൂർണമാണെന്ന് കമാൽ അദ്‍വാൻ ഡയറക്ടർ അറിയിച്ചു. പ്രദേശത്ത് ഇസ്രായേലിന്റെ ഷെല്ലാക്രമണവും ബോംബാക്രമണവും വർധിക്കുകയാണ്. ഒരുപാട് കെട്ടിടങ്ങൾക്ക് ആക്രമണങ്ങളിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. വാദി ഗസ്സ മുതൽ വടക്കൻ ഗസ്സ വരെയുള്ള പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക ആശുപത്രി ഇതാണെന്നും ഡയറക്ടർ വ്യക്തമാക്കി.
ആശുപത്രിയിലെ മെഡിക്കൽ ടീം ക്ഷീണിതരാണ്. ഒരു തുള്ളി ഇന്ധനം പോലും ഞങ്ങൾക്ക് നഷ്ടപ്പെട്ടാൻ പാടില്ല. രാത്രി സെർച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ആശുപത്രിക്ക് മുന്നിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങൾക്ക് ലഭിച്ചുവെന്ന് അൽ ജസീറ അറിയിച്ചു.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ ഔദ്യോഗികമായി അറിയിച്ചിരുന്നു. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകരണത്തോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ പൂർണ വിജയമാണെന്ന് ഖത്തർ അറിയിച്ചു. ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. വിട്ടയക്കുന്ന തടവുകാരുടെ എണ്ണം വർധിപ്പിക്കാൻ ഇടയുണ്ടെന്ന് ഖത്തർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

