റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോവൽ
text_fieldsമോസ്കോ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക ബന്ധം, തന്ത്രപ്രധാന മേഖലകളിലെ സംയുക്ത പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്. ഈ വർഷം പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിന്റെ മുന്നോടിയായി ഊർജ-പ്രതിരോധ കാര്യങ്ങളിലെ നിർണായക ചർച്ചകൾക്കായാണ് ഡോവൽ റഷ്യയിലെത്തിയത്. കഴിഞ്ഞ ദിവസം ഡോവൽ ക്രെംലിനിൽ വെച്ച് പുടിനെ കണ്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇതിൽ ചർച്ചയായി. എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് റഷ്യയുമായുള്ള ബന്ധം ഇന്ത്യ തുടരുമെന്ന് ഡോവൽ അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നുവെന്ന പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡോവലിന്റെ റഷ്യ സന്ദർശനം. പുടിന് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ സന്ദർശനത്തിനുള്ള ക്ഷണം കൈമാറിയെന്നും അത് പുടിൻ സ്വീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്.
യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ച അലാസ്കയിൽ
വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ അടുത്ത വെള്ളിയാഴ്ച അമേരിക്കൻ നഗരമായ അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ആഴ്ച കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും നേരത്തേ പറഞ്ഞിരുന്നു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി യുക്രെയ്നിന്റെ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുത്തേക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. തങ്ങൾ കൂട്ടിച്ചേർത്ത നാല് പ്രദേശങ്ങൾക്ക് പുറത്തുള്ള സ്ഥലങ്ങൾ വിട്ടുകൊടുക്കാൻ റഷ്യ സന്നദ്ധത അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, യുക്രെയ്നിനെ ഉൾപ്പെടുത്താതെയുള്ള സമാധാന ചർച്ചയുടെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. തങ്ങളെ പങ്കെടുപ്പിക്കാതെയുള്ള ഏത് സമാധാനക്കരാറും നിർജീവ പരിഹാരമാണ് ഉണ്ടാക്കുകയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. വെടിനിർത്തൽ കരാറിനായി യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം സമീപനാളുകളിൽ വഷളായതിനിടെയാണ് കൂടിക്കാഴ്ചക്ക് ഇരുനേതാക്കളും സമ്മതിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചക്കകം വെടിനിർത്തൽ കരാറിലെത്തുന്നില്ലെങ്കിൽ റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മഞ്ഞുരുക്കമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

