'ഞങ്ങളെ കളിപ്പിക്കാൻ നിൽക്കരുത്': ഇറാനുമായുള്ള നിർണായക ചർച്ചകൾക്കായി ജെ.ഡി.വാൻസ് പാകിസ്താനിലേക്ക്
text_fieldsവാഷിംങ്ടൺ: ഇറാനുമായുള്ള അതീവ നിർണായകമായ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലേക്ക് തിരിച്ചു. യാത്രക്ക് തൊട്ടുമുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് മാധ്യമങ്ങളെ കണ്ട വാൻസ്, 'ഇറാൻ ചർച്ചകളിൽ ആത്മാർത്ഥത കാണിക്കണമെന്നും അമേരിക്കയെ കളിപ്പിക്കാൻ ശ്രമിക്കരുതെന്നും' കർശനമായ മുന്നറിയിപ്പ് നൽകി.
ഏതാണ്ട് ആറ് ആഴ്ചയായി നീണ്ടുനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ചർച്ചകൾ ഇസ്‌ലാമാബാദിൽ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്നത് ഈ കൂടിക്കാഴ്ചയുടെ പ്രത്യേകതയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് പുറപ്പെട്ടത്. വാൻസിനൊപ്പം ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഔദ്യോഗിക സംഘത്തിലുണ്ട്.
'ഇറാൻ സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിച്ചാൽ സൗഹൃദത്തിന്റെ കരം നീട്ടാൻ അമേരിക്ക തയ്യാറാണെന്ന് വാൻസ് പറഞ്ഞു. എന്നാൽ ചർച്ചകളെ സമയം നീട്ടിക്കൊണ്ടുപോകാനോ അമേരിക്കയെ കബളിപ്പിക്കാനോ ഉള്ള തന്ത്രമായി ഉപയോഗിച്ചാൽ തങ്ങൾ അത് അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവർക്ക് സമാധാനമാണ് വേണ്ടതെങ്കിൽ ഞങ്ങൾ അതിന് തയ്യാറാണ്, എന്നാൽ ഞങ്ങളെ കളിപ്പിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ലെന്നും' വാൻസ് കൂട്ടിച്ചേർത്തു. 'ചർച്ചകൾ എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് ട്രംപ് പ്രതിനിധി സംഘത്തിന് 'വ്യക്തമായ ചില മാർഗ്ഗനിർദ്ദേശങ്ങൾ' നൽകിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു, പക്ഷേ അദ്ദേഹം അത് വിശദീകരിച്ചില്ല.
രണ്ടാഴ്ചത്തെ വെടിനിർത്തൽ ഉടമ്പടി ഇപ്പോൾ കടുത്ത വെല്ലുവിളി നേരിടുകയാണ്. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഈ ചർച്ചകളുടെ ഭാഗമല്ല എന്നതും ശ്രദ്ധേയമാണ്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ഒരു ശാശ്വത സമാധാന ഉടമ്പടിയായി മാറ്റുക, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി സ്ഥിരമായി തുറന്നുനൽകുക, ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുകളും നിയന്ത്രിക്കുന്നത് സംബന്ധിച്ച കർശന നിബന്ധനകൾ മുന്നോട്ട് വെക്കുക തുടങ്ങിയവയാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ.
1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ബന്ധങ്ങൾ വളരെ പരിമിതമായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ കാലത്തുണ്ടായ ചില നിർണായക നീക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം വളരെ കുറവായിരുന്നു. അതിനാൽ വാൻസിന്റെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള അപൂർവവും സുപ്രധാനവുമായ ഒരു ഉന്നതതല ഇടപെടലായാണ് വിലയിരുത്തപ്പെടുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

