ഗസ്സയിലേത് വംശഹത്യയല്ലെന്ന് ഡോണൾഡ് ട്രംപ്; ഫലസ്തീൻ ജനതക്ക് ഭക്ഷണമെത്തിക്കണമെന്നും യു.എസ് പ്രസിഡന്റ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സയിലേത് വംശഹത്യയാണോയെന്ന ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മാധ്യപ്രവർത്തകരോടുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി. ഒക്ടോബർ ഏഴിന് ചില ഭയാനകമായ സംഭവങ്ങൾ നടന്നുവെന്നും ട്രംപ് പറഞ്ഞു. അവർ കഴിഞ്ഞ കുറേ വർഷങ്ങളായി യുദ്ധത്തിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് ഭക്ഷണം നൽകണമെന്നാണ് യു.എസ് നിലപാട്. ഇസ്രായേൽ അവർക്ക് ഭക്ഷണം നൽകണം. ജനങ്ങൾ ഒരിക്കലും വിശന്നിരിക്കരുത്. ജനങ്ങളെ പട്ടിണിക്കിടരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിലേർപ്പെടാൻ ഹമാസിന് താൽപര്യമില്ലെന്ന് കുറ്റപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഹമാസിന്റെ തടവിലുള്ള ബന്ദികൾക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബന്ദികളുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധം നെതന്യാഹുവിനെതിരെ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
റെഡ്ക്രോസ് തലവൻ ജൂലിയൻ ലെറിസണെ ടെലിഫോണിൽ വിളിച്ചാണ് നെതന്യാഹു അഭ്യർഥന നടത്തിയത്. അഭയാർഥികൾക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണവും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു.
തെൽ അവീവിൽ കഴിഞ്ഞ ദിവസവും ആയിരക്കണക്കിനാളുകളുടെ പ്രതിഷേധമുണ്ടായി. യുദ്ധം അവസാനിപ്പിക്കണണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്ത നെതന്യാഹുവിന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഇസ്രായേലിൽ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

