'സോമാലിയയുടെ ഐക്യം തകർക്കരുത്'; സൊമാലിലാന്റിലെ ഇസ്രായേൽ എംബസി നീക്കത്തിനെതിരെ ആഗോള പ്രതിഷേധം ശക്തം
text_fieldsമൊഗാദിഷു: സോമാലിയയിൽ നിന്ന് വേർപെട്ടു നിൽക്കുന്ന സ്വയംഭരണ പ്രദേശമായ സൊമാലിലാന്റിൽ പുതിയ അംബാസഡറെ നിയമിക്കുകയും തലസ്ഥാനമായ ഹർഗീസയിൽ എംബസി നിർമ്മാണത്തിനായി തറക്കല്ലിടുകയും ചെയ്ത ഇസ്രായേലിന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ അപലപിച്ച് സോമാലിയൻ കേന്ദ്ര സർക്കാർ. സോമാലിയയുടെ ദേശീയ പരമാധികാരത്തിന്മേലുള്ള പരസ്യമായ കടന്നുകയറ്റമാണ് ഇതെന്നും വിയന്ന കൺവെൻഷൻ ചട്ടങ്ങൾക്ക് വിരുദ്ധമായ ഈ നീക്കം പൂർണ്ണമായും നിയമവിരുദ്ധവുമാണെന്നും സോമാലിയൻ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൊഗാദിഷുവിലെ കേന്ദ്ര ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയോ സമ്മതമോ ഇല്ലാതെ ഇസ്രായേൽ ഏകപക്ഷീയമായി നടത്തുന്ന ഇത്തരം തീരുമാനങ്ങൾക്ക് യാതൊരുവിധ നിയമപരമായ സാധുതയുമില്ലെന്ന് സോമാലിയ വ്യക്തമാക്കി.
വിയന്ന കൺവെൻഷൻ ലംഘനം
ഹർഗീസ ഉൾപ്പെടെയുള്ള സൊമാലിലാന്റ് മേഖല സോമാലിയൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം ലോകരാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു. 1961-ലെ അന്താരാഷ്ട്ര വിയന്ന കൺവെൻഷൻ (Vienna Convention on Diplomatic Relations) അനുസരിച്ച്, ഏതൊരു രാജ്യത്തും നയതന്ത്ര മിഷനുകളോ എംബസികളോ സ്ഥാപിക്കണമെങ്കിൽ അവിടുത്തെ പരമാധികാര കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി നിർബന്ധമാണ്. അന്താരാഷ്ട്ര നിയമങ്ങളെയും കരാറുകളെയും തികച്ചും അപകീർത്തികരമായ രീതിയിൽ കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേൽ നടത്തുന്ന ഈ കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാകില്ല. നിയമവിരുദ്ധമായ ഈ നടപടികളിൽ നിന്നും ഇസ്രായേൽ ഉടനടി പിന്മാറണമെന്ന് സോമാലിയ ആവശ്യപ്പെട്ടു. ഒപ്പം, അന്താരാഷ്ട്ര സമൂഹവും മറ്റ് ലോക രാജ്യങ്ങളും ഇസ്രായേലിന്റെ വ്യാജ നയതന്ത്ര നീക്കങ്ങൾക്ക് യാതൊരുവിധ അംഗീകാരവും നൽകരുതെന്നും, മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സോമാലിയ അഭ്യർത്ഥിച്ചു.
നിലവിൽ തന്നെ കടുത്ത സുരക്ഷാ ഭീഷണികളും രാഷ്ട്രീയ അസ്ഥിരതകളും നേരിടുന്ന 'ഹോൺ ഓഫ് ആഫ്രിക്ക' മേഖലയിൽ ഇത്തരത്തിലുള്ള വിഭജന തന്ത്രങ്ങൾ നടപ്പിലാക്കുന്നത് അന്തരീക്ഷം കൂടുതൽ സങ്കീർണ്ണവും വഷളാകാനും മാത്രമേ ഉപകരിക്കൂ എന്ന് സോമാലിയൻ സർക്കാർ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും മാനിച്ച് മുന്നോട്ടുപോകാൻ ഇസ്രായേൽ ഭരണകൂടം തയ്യാറാകണം.
തങ്ങളുടെ രാജ്യത്തിന്റെ ഭൂപരിധിയും പരമാധികാരവും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന പൂർണ്ണ അവകാശങ്ങൾ ഉപയോഗിച്ച് നയതന്ത്രപരവും രാഷ്ട്രീയവും നിയമപരവുമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സോമാലിയ പ്രഖ്യാപിച്ചു. സോമാലിയൻ ജനതയുടെ ഭൂപടവും ഐക്യവും യാതൊരുവിധ ഒത്തുതീർപ്പുകൾക്കും വിധേയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്തമാക്കി.
സൊമാലിലാന്റിനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച് ഇസ്രായേൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കാനുള്ള ഈ പുതിയ നീക്കവുമായി അവർ മുന്നോട്ടുപോയത്. ഇസ്രായേൽ സൊമാലിലാന്റിന് അംഗീകാരം നൽകുന്ന ആദ്യ ഐക്യരാഷ്ട്രസഭാ അംഗരാജ്യമായി മാറിയപ്പോൾ തന്നെ സോമാലിയ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഇസ്രായേലിന്റെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ ആഫ്രിക്കൻ യൂണിയൻ (AU), അറബ് ലീഗ്, ആഗോള ഇസ്ലാമിക കൂട്ടായ്മകൾ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

