Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ...

ഗസ്സ കച്ചവടത്തിനുള്ളതല്ലെന്ന് ട്രംപിനോട് ഹമാസ്; ‘റിയൽ എസ്റ്റേറ്റ് ഡീലറെ പോലെ ഇടപെടരുത്, ഗസ്സക്കാർ ​പോകുന്നെങ്കിൽ അത് ഇസ്രായേൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രം’

text_fields
bookmark_border
ഗസ്സ കച്ചവടത്തിനുള്ളതല്ലെന്ന് ട്രംപിനോട് ഹമാസ്; ‘റിയൽ എസ്റ്റേറ്റ് ഡീലറെ പോലെ ഇടപെടരുത്, ഗസ്സക്കാർ ​പോകുന്നെങ്കിൽ അത് ഇസ്രായേൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രം’
cancel

ഗസ്സ: ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും തുടർന്ന് വമ്പൻ റിയൽ എസ്റ്റേറ്റ് സൈറ്റാക്കി കണക്കാക്കി പുനർവികസനം കൈകാര്യം ചെയ്യാനുള്ള ചുമതല മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്ക് നൽകുമെന്നും ഇന്നലെയും ആവർത്തിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഹമാസ്. ട്രംപിന്റെ പ്രസ്താവന അസംബന്ധമാണെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുൽ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ല. ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്. ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്രായേൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ തുറന്നടിച്ചു.

"ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് സ്വത്തല്ല. അത് 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. റിയൽ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും. എല്ലാ കുടിയിറക്കൽ, നാടുകടത്തൽ പദ്ധതികളെയും ഫലസ്തീൻ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണ്. ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് നേരത്തെ ഇസ്രായേൽ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമാണ്’ -റിഷ്ഖ് വ്യക്തമാക്കി.

കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കിടെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തുവന്നത്. ഇന്നലെ ന്യൂ ഓർലിയാൻസിലേക്ക് പോകുമ്പോഴാണ് എയർഫോഴ്‌സ് വൺ വിമാനത്തിലിരുന്ന് ട്രംപ് ഗസ്സയെ വലിയ റിയൽ എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘ഞങ്ങൾ അത് ഏറ്റെടുക്കും. പുനർനിർമ്മിക്കാൻ ഗസ്സയുടെ ഭാഗങ്ങൾ മിഡിൽ ഈസ്റ്റിലെ മറ്റ് രാഷ്ടങ്ങൾക്ക് നൽകാം. ഞങ്ങളുടെ ആഭിമുഖ്യത്തിൽ മറ്റുള്ളവർക്കും അത് ചെയ്യാം. എന്നാൽ, ഗസ്സയിൽ ഹമാസ് തിരിച്ചെത്താതിരിക്കാനും അവരത് സ്വന്തമാക്കി​ല്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഗസ്സക്കാർക്ക് തിരികെ വരാൻ ഇപ്പോൾ അവിടെ ഒന്നുമില്ല. അത് തകർന്നടിഞ്ഞ സ്ഥലമാണ്’ -ട്രംപ് പറഞ്ഞു.

കുടിയിറക്കപ്പെട്ട ഫലസ്തീനികൾ ഗസ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ആവർത്തിച്ചു. ‘ഗസ്സയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഫലസ്തീനികൾ സംസാരിക്കുന്നതിന്റെ ഒരേയൊരു കാരണം അവർക്ക് മറ്റൊരു വഴി ഇല്ല എന്നതാണ്. സുരക്ഷിതമായ ഒരു പ്രദേശത്ത് അവർക്ക് വീട് നൽകാൻ കഴിയുമെങ്കിൽ, അവർക്ക് ഒരു ബദൽ ഉണ്ടെങ്കിൽ അവർ ഗസ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കില്ല’ -ട്രംപ് പറഞ്ഞു.

നേരത്തെ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് തന്നെ ഇതിനെതിരെ ഫലസ്തീൻ ജനതയും ലോകരാഷ്ട്രങ്ങളും രംഗത്തുവന്നിരുന്നു.

​അതിനിടെ, രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കം വീണ്ടും സജീവമാവുകയാണ്. ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്രായേലി പ്രതിനിധികളോട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറ്റവും തുടങ്ങി. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് വെടിനിർത്തലിന്റെ 22ാം ദിവസമായ ഞായറാഴ്ച പിന്മാറുമെന്നായിരുന്നു കരാർ.

ജനുവരി 19ന് തുടങ്ങിയ 42 ദിവസം നീളുന്ന വെടിനിർത്തൽ പാതിവഴി പിന്നിടുമ്പോൾ 21 ഇസ്രോയൽ തടവുകാരും 733 ഫലസ്തീൻ തടവുകാരുമാണ് മോചിതരായത്. അവസാനം മോചിപ്പിക്കപ്പെട്ട മൂന്ന് തടവുകാരുടെ മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി നെതന്യാഹു അതൃപ്തി പ്രകടിപ്പിച്ചതിനാൽ തുടർചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യത്തിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. ഹമാസിനെ ഇല്ലാതാക്കി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്. ശനിയാഴ്ച വിട്ടയക്കപ്പെട്ട മൂന്ന് തടവുകാരും ഇസ്രായേലിൽ ചികിത്സയിലാണ്. മോചിതരായ 183 ഫലസ്തീനി തടവുകാരിൽ ഏഴുപേരുടെ ആരോഗ്യനിലയും മോശമാണ്. ജയിലിൽ കടുത്ത പീഡനമാണ് ഇവർ നേരിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaDonald TrumpGaza Genocideizzat al rishq
News Summary - Donald Trump’s Gaza takeover plan draws sharp criticism from Hamas
Next Story