Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിഫ ലോകകപ്പിന് ഇറാൻ...

ഫിഫ ലോകകപ്പിന് ഇറാൻ ടീമിനെ സ്വാഗതം ചെയ്ത് ഡോണൾഡ് ട്രംപ്

text_fields
bookmark_border
ഫിഫ ലോകകപ്പിന് ഇറാൻ ടീമിനെ സ്വാഗതം ചെയ്ത് ഡോണൾഡ് ട്രംപ്
cancel

വാഷിങ്ടൺ: ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിലായി ഫിഫ ലോകകപ്പിന് ഇറാൻ ടീമിനെ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം തുടരുന്നതിനിടയിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ ടീമിന് പങ്കെടുക്കാമെന്ന് ട്രംപ് ആവർത്തിച്ചതായി ഇൻഫന്റിനോ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഫുട്ബാൾ ലോകത്തെ ഒരുമിപ്പിക്കുമെന്ന് ഇൻഫന്റിനോ ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി. യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ഇക്കുറി ടൂർണമെന്റ് നടക്കുന്നത്. തങ്ങളുടെ ടീം ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ സ്​പോർട്സ് മന്ത്രി അഹ്മദ് ദുനിയാമലി ബുധനാഴ്ച പ്രസ്താവിച്ചിട്ടുണ്ട്.

ഇറാന്റെ എല്ലാ ഗ്രൂപ് മത്സരങ്ങളും യു.എസിലാണ് നടക്കുക. ലോസ് ഏഞ്ചൽസിലും സിയാറ്റിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അറ്റ്‌ലാന്റയിൽ നടന്ന ഫിഫ പ്ലാനിങ് സമ്മിറ്റിൽ പങ്കെടുക്കാത്ത ഏക രാജ്യം ഇറാനായിരുന്നു. ഇതോടെ ഇറാൻ ടീം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസ്-ഇറാൻ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. എന്നാൽ, ഇറാൻ ‘പരാജയപ്പെട്ട രാജ്യം’ ആണെന്നും അവരുടെ പങ്കാളിത്തത്തിൽ തനിക്ക് ആശങ്കയില്ലെന്നും ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നു.

ഇറാനെ വിലക്കുകയാണെങ്കിൽ ആതിഥേയ പദവിയിൽനിന്ന് യു.എസിനെ നീക്കം ചെയ്യാൻ പോലും ഫിഫയ്ക്ക് അധികാരമുണ്ട്. മുമ്പ് ഇസ്രായേൽ ടീമിനെ സ്വാഗതം ചെയ്യാൻ വിസമ്മതിച്ചതിന് ഇന്തോനേഷ്യയിൽനിന്ന് അർജന്റീനയിലേക്ക് അണ്ടർ-20 ലോകകപ്പ് മാറ്റിയത് ഇതിന് ഉദാഹരണമാണ്. ആദ്യ മത്സരം നടക്കുന്നതിന്റെ ഏതാനും ആഴ്ചകൾക്കുമുമ്പായിരുന്നു ആ മാറ്റം.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം കാരണമുണ്ടായ ആഗോള പ്രതിസന്ധിയെ തുടർന്ന് ഫിഫ ലോകകപ്പ് മാറ്റിവെക്കാൻ കഴിയില്ല. അത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഫിഫ വേൾഡ് കപ്പ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഹെയ്മോ ഷിർഗി പറഞ്ഞത്.

‘‘യുദ്ധ സാഹചര്യം ഞങ്ങൾ അനുദിനം വിലയിരുത്തുകയാണ്, എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു. വേൾഡ് കപ്പ് തീർച്ചയായും നടക്കും, യോഗ്യത നേടിയ എല്ലാവർക്കും ഇതിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു’’ -ഷിർഗി പറഞ്ഞു.

ഇറാൻ ടീം പിന്മാറുകയാണെങ്കിൽ, 1950ലെ ലോകകപ്പിനുശേഷം ഒരു രാജ്യം ടൂർണമെന്റിൽനിന്ന് സ്വയം പിന്മാറുന്ന ആദ്യ സംഭവമായി ഇത് മാറും. നിലവിൽ ജൂലൈ മൂന്നിന് ഡള്ളസിൽ യു.എസും ഇറാനും തമ്മിൽ ഒരു എലിമിനേഷൻ മത്സരത്തിന് സാധ്യതയുള്ളത് കായിക ലോകം ഉറ്റുനോക്കുന്നുണ്ട്. എന്നാൽ, ഈ യുദ്ധസാഹചര്യം എത്രത്തോളം അനുകൂലമായിത്തീരുമെന്ന് കണ്ടറിയേണ്ടതു തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpFIFA President Gianni InfantinoFIFA World Cup 2026US Israel Iran War
News Summary - Donald Trump welcomes Iran team to FIFA World Cup
Next Story