‘അവർ വലിയ വില നൽകേണ്ടി വരും’ വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുറോയെ ബന്ദിയാക്കിയതിന് പിന്നാലെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെൽസി റോഡിഗ്രസിനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ ധിക്കരിക്കുന്നത് തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ശരിയായത് ചെയ്തില്ലെങ്കിൽ മദുറോയേക്കാൾ മോശം സാഹചര്യം നേരിടേണ്ടി വരുമെന്നാണ് അറ്റ്ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. നിക്കോളസ് മദുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെയാണ് ഡെൽസി റോഡിഗ്രസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. മദുറോയെ യു.എസ് ബന്ദിയാക്കി കൊണ്ടുപോയതിന് മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യോഗത്തിൽ മദുറോയെയും ഭാര്യ സീലിയ ഫ്ലോറൻസിനെയും ഉടൻ വിട്ടയക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിൽ മറ്റ് സർക്കാറുകൾ തങ്ങളുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അവർ യു.എൻ പൊതുസഭയിലും തുറന്നു പറഞ്ഞു. നിയമനിർമാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഡെൽസി റോഡ്രിഗസ് പ്രവർത്തിച്ചു വരുന്നുണ്ട്. പ്രസിഡന്റ് പരമ്പരയിൽ അടുത്ത സ്ഥാനത്തായിരുന്നു ഡെൽസി റോഡ്രിഗസ്.
വെനിസ്വേലയിലെ ഏറ്റവും സുരക്ഷിതമായ വസതിയിൽനിന്നാണ് പ്രസിഡന്റ് നിക്കോളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് സൈന്യം പിടികൂടിയത്. മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യു.എസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത്.
മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മാസങ്ങളോളം വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മദുറോയെയും സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയത്. ശേഷം ട്രംപ് തന്നെയാണ് ഈ വിവരം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടത്. ഇനി വെനസ്വേല യു.എസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

