പുടിൻ യുദ്ധം അവസാനിപ്പിക്കണം –ട്രംപ്
text_fieldsഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിൻ
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കരാറുണ്ടാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി പുടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. നിരവധി സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, രണ്ടാം ലോക യുദ്ധത്തിന് ആദ്യമായാണ് ഇത്രയും രൂക്ഷമായ യുദ്ധം നടക്കുന്നതെന്ന ആശങ്കയും പങ്കുവെച്ചു.
പതിറ്റാണ്ടുകളായി നാം കണ്ടിട്ടില്ലാത്ത വിധം സൈനികർ ദിനംപ്രതി കൊല്ലപ്പെടുന്നു. നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇതൊരു പരിഹാസ്യമായ യുദ്ധമാണ്. റഷ്യ ഒരു കരാർ ഉണ്ടാക്കണം. ഒരുപക്ഷേ, അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. പുടിന് തന്നെ കാണണമെന്നുണ്ട്. ഞങ്ങൾ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഉപരോധം ഏർപ്പെടുത്തുന്നത് യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിക്കുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്ന് ട്രംപ് പ്രതികരിച്ചു. സമാധാന കരാറിലേർപ്പെടാൻ യുക്രെയ്ൻ തയാറാണ്. യുദ്ധം അവസാനിപ്പിക്കണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആഗ്രഹിക്കുന്നത്. റഷ്യയെപോലെ ഒരുപാട് സൈനികരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
റഷ്യക്കാണ് ഏറ്റവും അധികം പട്ടാളക്കാരെ നഷ്ടപ്പെട്ടത്. അവരുടെ എട്ടു ലക്ഷം സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമത്തിൽ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കരാറുണ്ടാക്കാൻ ട്രംപിന്റെ പുതിയ അഭ്യർഥന.
ചർച്ചക്ക് തയാർ –റഷ്യ
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചർച്ചക്ക് തയാറാണെന്ന് റഷ്യ. യു.എസിന്റെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പുടിന്റെ ഓഫിസ് വക്താവ് ദിവിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, ഇരു നേതാക്കളും എപ്പോൾ കൂടിക്കാഴ്ച നടത്തുമെന്ന കാര്യത്തെ കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല.
റഷ്യൻ എണ്ണയുടെ വില കുറച്ചാൽ യുദ്ധം അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെ പെസ്കോവ് തള്ളി. യുക്രെയ്നുമായുള്ള ഏറ്റുമുട്ടൽ എണ്ണയുടെ വിലയെ ആശ്രയിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ദേശീയ സുരക്ഷക്കും യുക്രെയ്നിൽ ജീവിക്കുന്ന റഷ്യക്കാരുടെ സുരക്ഷക്കും ഭീഷണി ഉയർന്നപ്പോഴും റഷ്യയുടെ ആശങ്ക അവഗണിക്കുകയുംചെയ്ത സാഹചര്യത്തിലാണ് യുദ്ധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

