സൗദി അറേബ്യ വിചാരിച്ചാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: സൗദി അറേബ്യയും മറ്റ് ഒപെക് രാജ്യങ്ങളും വിചാരിച്ചാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദിയും ഒപെക് രാജ്യങ്ങളും എണ്ണവില കുറക്കുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ വെർച്വലായി അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. സൗദിയോടും ഒപെക് രാജ്യങ്ങളോട് എണ്ണവില കുറക്കണമെന്ന് താൻ ആവശ്യപ്പെടാൻ പോവുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അവർ അങ്ങനെ ചെയ്യാതിരുന്നതിൽ തനിക്ക് അതിശയം തോന്നുന്നുണ്ട്. എണ്ണവില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവിലുള്ള എണ്ണവില യുദ്ധം തുടരുന്നതിന് പിന്തുണ നൽകുന്ന രീതിയിൽ ഉയർന്ന് നിൽക്കുകയാണ്. നിങ്ങൾ എണ്ണവില കുറച്ച് യുദ്ധം അവസാനിപ്പിക്കാൻ തയാറാവണം. എണ്ണവില കുറഞ്ഞാൽ അതിനനുസരിച്ച് വായ്പ പലിശനിരക്കുകളും കുറയുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
നേരത്തെ എത്രയും പെട്ടെന്ന് യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കുമേൽ അധിക നികുതിയും ഇറക്കുമതി ചുങ്കവും ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഏത് സമയത്തും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണാൻ തയാറാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, യുക്രെയ്ൻ വിഷയത്തിൽ ചർച്ചക്ക് തയാറായില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തും. യുക്രെയ്ൻ യുദ്ധം ആരംഭിക്കാൻ പാടില്ലായിരുന്നു. കരുത്തനായ പ്രസിഡന്റ് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ യുദ്ധം സംഭവിക്കില്ലായിരുന്നു. താൻ പ്രസിഡന്റായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

