‘വിട്ടുനൽകുന്ന ഇറാൻ ഫണ്ട് അമേരിക്കൻ കർഷകരിൽനിന്ന് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കും’ -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി മരവിപ്പ് മാറ്റുന്ന ഇറാന്റെ ഫണ്ടുകൾ അമേരിക്കൻ കർഷകരിൽനിന്ന് മാത്രം ഭക്ഷണം വാങ്ങാൻ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതേക്കുറിച്ച് ഇറാനുമായി ധാരണയിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ്-ഇറാൻ സമാധാന ചട്ടക്കൂട് സമഗ്രമായ കരാറാക്കി മാറ്റുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
"മരവിപ്പ് മാറ്റുന്ന പണം പൂർണമായും അമേരിക്കൻ കർഷകരിൽനിന്ന് ഭക്ഷണം വാങ്ങാനാണ് ഉപയോഗിക്കുക. ചോളം, സോയാബീൻ തുടങ്ങിയ കാർഷികോൽപന്നങ്ങൾ അമേരിക്കൻ കർഷകരിൽനിന്ന് വാങ്ങും. ഇതിൽ നമ്മുടെ കർഷകർ ഏറെ സന്തുഷ്ടരാണ്. എനിക്ക് ഇതിനകം നിരവധി കാളുകൾ ലഭിക്കുന്നുണ്ട്"- ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിന് പിന്നാലെ സ്വിറ്റ്സർലൻഡിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം.
യുദ്ധകാലത്ത് ഏകദേശം ഇറാന്റെ 12 ബില്യൺ ഡോളർ ആസ്തികൾ യു.എസ് മരവിപ്പിരുന്നു. തുടർന്ന്, സ്വിറ്റ്സർലൻഡിൽ നടന്ന സമാധാന ചർച്ചയിൽ മരവിപ്പിച്ച 12 ബില്യൺ ഡോളർ ആസ്തികൾ വിട്ടുകൊടുക്കാനും എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കാനും ധാരണയാവുകയായിരുന്നു. കൂടാതെ, ഓഗസ്റ്റ് ഒന്ന് വരെ ഇറാനിയൻ എണ്ണയുടെയും പെട്രോകെമിക്കലുകളുടെയും വിൽപ്പന അനുവദിക്കുന്നതിനായി യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു.
മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ച ഈ കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കി. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ, ഉപരോധം പിൻവലിക്കൽ, പ്രാദേശിക സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനത്തിലെത്താൻ 60 ദിവസത്തെ സമയപരിധിയാണ് ഈ ധാരണാപത്രത്തിൽ നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

