Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`ഇറാന്‍റെ വരുമാനം നിലച്ചു, ഹുർമുസ് തുറക്കാന്‍ തയ്യാറെടുക്കുന്നു'; പുതിയ പൊള്ളവാദങ്ങളുമായി ട്രംപ്

text_fields
bookmark_border
`ഇറാന്‍റെ വരുമാനം നിലച്ചു, ഹുർമുസ് തുറക്കാന്‍ തയ്യാറെടുക്കുന്നു; പുതിയ പൊള്ളവാദങ്ങളുമായി ട്രംപ്
cancel

വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ തയാറെടുക്കുകയാണെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് പണമെത്തുന്നില്ലെന്നും രാജ്യത്തിന്റെ പ്രധാന വരുമാനമാർഗം ഹുർമുസ് കടലിടുക്കാണെന്നും ട്രംപ് പറഞ്ഞു. ആറ് മാസമായി തുടരുന്ന സംഘർഷത്തിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുതിയ അവകാശവാദവുമായി ട്രംപെത്തിയത്. `ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കാനാണ് അവർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണെന്ന് അറിയാമോ? അവർക്ക് ഇപ്പോൾ പണമൊന്നും ലഭിക്കുന്നില്ല. ഹുർമുസ് കടലിടുക്കിൽ നിന്നാണ് അവർക്ക് പണം ലഭിക്കുന്നത്' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

കടലിടുക്ക് അടച്ച് പ്രശ്നമുണ്ടാക്കാമെന്ന് ഇറാൻ കരുതിയെന്നും എന്നാൽ താൻ ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയതോടെ ഇറാന്റെ വരുമാനം നിലച്ചെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. യു.എസ് സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധമാണ് താൻ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് താൻ നിരസിച്ചുവെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കടലിടുക്ക് തുറക്കുകയും മേഖലയിലെ സംഘർഷം അവസാനിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഇറാന്റെ നിർദേശം.

ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ വഴിയാണ് ഇറാൻ യു.എസിന് നിർദേശം കൈമാറിയത്. നിർദേശത്തിലെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ യു.എസ് നിർദേശത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് അത് നിരസിക്കുകയാണ് ട്രംപ് ചെയ്തത്. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സമ്മർദം ശക്തമാക്കുകയാണ് ഇപ്പോഴത്തെ യു.എസിന്‍റെ നടപടി.

നിലവിൽ ഹുർമുസിലെ സംഘർഷം ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന വാണിജ്യപാതകളിലൊന്നായ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞതോടെ എണ്ണവിതരണത്തിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും പ്രത്യാഘാതമുണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Iran Sanctions Oil Crisis
Next Story