ജോർജിയയിലേയും മിഷിഗണിലേയും നിയമപോരാട്ടത്തിൽ ട്രംപിന് തിരിച്ചടി
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലേയും മിഷിഗണിലേയും നിയമപോരാട്ടത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെന്ന് ആരോപിച്ചാണ് ജോർജിയയിൽ കേസ് നൽകിയത്. മിഷിഗണിൽ വോട്ടെണ്ണൽ നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം. ഫിലാഡൽഫിയയിലെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ട്രംപിൻെറ ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്.
ഇരുഹരജികളും ജഡ്ജിമാർ തള്ളി. ട്രംപിൻെറ ഹരജിക്ക് തെളിവുകളൊന്നും ഇല്ലെന്ന് ജോർജിയയിലെ ജഡ്ജ് ജെയിംസ് ബാസ് പറഞ്ഞു. വോട്ടെടുപ്പ് നിർത്തിവെക്കാൻ ഉത്തരവിടാനാവില്ലെന്ന് മിഷിഗൺ ജഡ്ജി സിന്തിയ സ്റ്റീഫനും വ്യക്തമാക്കി.
മിഷിഗണിലേയും ജോർജിയയിലേയും കോടതി ഉത്തരവുകളെ കുറിച്ച് പ്രതികരിക്കാൻ ട്രംപിൻെറ വക്താവ് തയാറായില്ല. അതേസമയം, മറ്റ് ചില സംസ്ഥാനങ്ങളിൽ കൂടി നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് യു.എസ് പ്രസിഡൻറ്.

