Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തു, ബാക്കിയുള്ളവ 10 മിനിറ്റിൽ ചാമ്പലാക്കും': മുജ്തബ ഖാംനഈക്ക് മറുപടിയുമായി ട്രംപ്

text_fields
bookmark_border
US President Donald Trump speaking
cancel
camera_alt

ഡൊണാൾഡ് ട്രംപ്


വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഭൂരിഭാഗവും അമേരിക്കൻ സൈന്യം തകർത്തുകഴിഞ്ഞെന്നും ശേഷിക്കുന്ന കേന്ദ്രങ്ങൾ വെറും 'പത്ത് മിനിറ്റുകൊണ്ട്' തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങൾ അവരുടെ ആണവ സംവിധാനങ്ങൾ തകർത്തു കളഞ്ഞു. ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടിയുണ്ട്, പക്ഷേ അത് വെറും പത്ത് മിനിറ്റുകൊണ്ട് തീർക്കാൻ ഞങ്ങൾക്ക് കഴിയും,' ട്രംപ് അവകാശപ്പെട്ടു. ഈ ആഴ്ച തന്നെ ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കുമോ എന്ന ചോദ്യത്തിന്, 'അതൊരു വിഡ്ഢിത്തം നിറഞ്ഞ ചോദ്യമാണ്, അങ്ങനെ ഒരു നീക്കമുണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് വെളിപ്പെടുത്തുമോ?' എന്നായിരുന്നു ട്രംപിന്റെ മറുപടി.

'ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ തിരിച്ചടി': മുജ്തബ ഖാംനഈ

അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നും ഭാവിയിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണത്തിനും ഉടനടി ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുജ്തബ ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പ്രത്യാക്രമണത്തിന് യാതൊരുവിധ 'ഭൂമിശാസ്ത്രപരമായ അതിരുകളും' ഉണ്ടാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമിക്കാൻ സാധ്യമായ ലക്ഷ്യസ്ഥാനങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കാൻ അദ്ദേഹം സൈനിക നേതൃത്വത്തിന് നിർദ്ദേശം നൽകി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മുജ്തബ ഖാംനഈയുടെ പ്രതികരണം പുറത്തുവരുന്നത്. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഫെബ്രുവരിയിലെ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖാംനഈ ഇറാന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്.

വാൻസിന്റെ കത്ത് ഇറാന്റെ വിജയം: മൊഹ്‌സെൻ റെസായി

ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾ ഒരുവശത്ത് തുടരുമ്പോഴും, മറുഭാഗത്ത് നയതന്ത്ര ചർച്ചകൾക്ക് വാതിലുകൾ തുറക്കപ്പെടുന്നുവെന്ന സൂചനകളും ശക്തമാണ്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അയച്ച കത്ത് ഇറാന്റെ ജനങ്ങൾ നേടിയെടുത്ത വിജയമാണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്‌സെൻ റെസായി പ്രസ്താവിച്ചു. 'അമേരിക്കയുടെ ഭാഷയും സ്വരവും പൂർണമായി മാറിയിരിക്കുന്നു. നമ്മുടെ ജനങ്ങൾ അവരുടെ വിജയം ഉറപ്പാക്കി എന്നതിന്റെ ശുഭസൂചനയാണിത്,' എന്ന് ഇറാൻ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബിക്ക് നൽകിയ അഭിമുഖത്തിൽ റെസായി പറഞ്ഞു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ആണവ പദ്ധതിയെ ആദ്യഘട്ടം മുതൽ ചർച്ചകളിൽ ഉൾപ്പെടുത്തിക്കൊണ്ട് ജെ.ഡി വാൻസിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ചർച്ചകൾ ആരംഭിക്കാനാണ് യു.എസ് കത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഈ കത്ത് തയ്യാറാക്കിയതെന്ന് വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. ഖത്തർ, പാകിസ്താൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിലോ ഇസ്താംബൂളിലോ വെച്ച് ഒരാഴ്ചയ്ക്കകം ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ഇറാനുമായി ഒരു ധാരണയിലെത്താൻ അമേരിക്ക താല്പര്യപ്പെടുന്നുവെന്നതിന്റെ തെളിവാണ് വാൻസിന്റെ പുതിയ നയതന്ത്ര ഇടപെടൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Claims US Knocked Out Iran Nuclear Sites; Mojtaba Khamenei Warns of Limitless Retaliation
Next Story