ഇന്ത്യക്കുമേൽ ട്രംപ് അധിക തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ; ന്യായീകരണവുമായി വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനെന്ന ന്യായീകരണവുമായി വൈറ്റ് ഹൗസ്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയ്ൻ യുദ്ധം മുതലെടുത്ത് റഷ്യയിൽനിന്ന് വാങ്ങുന്ന എണ്ണ ഉപയോഗിച്ച് ഇന്ത്യ വലിയ ലാഭമുണ്ടാക്കുകയാണെന്ന് കഴിഞ്ഞദിവസം മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. ഇന്ത്യക്കെതിരായ തന്‍റെ നടപടികളാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതെന്ന് ട്രംപും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം. യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇതിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ തീരുവ പ്രഖ്യാപനം അതിന്‍റെ ഭാഗമായിരുന്നെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞമാസം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. പിന്നാലെയാണ് റഷ്യൻ എണ്ണയുടെ പേരിൽ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചത്. യുക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധവും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സെക്കന്‍ഡറി ഉപരോധവും ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.
അതേസമയം, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വൈകാതെ പുടിനും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റുമായും പിറകെ യൂറോപ്യൻ നേതാക്കളുമായും നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രതികരണം. സെലൻസ്കിക്ക് പുറമെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ തുടങ്ങിയവരും ട്രംപുമായി ചർച്ചക്കെത്തിയിരുന്നു.
സെലൻസ്കിയുമായി ഉച്ചകോടിക്ക് പുടിൻ സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ എന്നിവരും അറിയിച്ചു. അതേസമയം, റഷ്യ പ്രതികരിച്ചിട്ടില്ല. സമയവും സ്ഥലവും സംബന്ധിച്ചും സ്ഥിരീകരണമില്ല. പുടിൻ- സെലൻസ്കി കൂടിക്കാഴ്ച നടന്നാൽ നാലുവർഷത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

