വിലക്കയറ്റം രൂക്ഷം: നിത്യോപയോഗ സാധനങ്ങളുടെ തീരുവ ഒഴിവാക്കി ട്രംപ്
text_fieldsവാഷിങ്ടൺ: വിലക്കയറ്റം രൂക്ഷമായതോടെ ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയില, കൊക്കോ, മസാല ഉൽപന്നങ്ങൾ, ചില വളങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങളുടെയും സാധനങ്ങളുടെയും തീരുവ ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിൽ കൂടുതൽ വില വർധിച്ച ഉൽപന്നങ്ങളുടെ തീരുവയാണ് കുറച്ചത്. വില കുതിച്ചുയർന്നതിനു പിന്നാലെ പൗരന്മാരുടെ പ്രതിഷേധം കണക്കിലെടുത്താണ് പിന്മാറ്റം. ന്യൂയോർക്, വെർജീനിയ, ന്യൂജഴ്സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും സ്വന്തം പാളയത്തിൽനിന്ന് പോലും എതിർപ്പുയർന്നതുമാണ് ട്രംപിനെ മാറ്റി ചിന്തിപ്പിച്ചത്.
അവശ്യ വസ്തുക്കങ്ങളുടെ വിലക്കയറ്റമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. തീരുവയല്ല, ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണ് വില വർധിക്കാൻ കാരണമെന്നാണ് ട്രംപ് ആവർത്തിച്ചിരുന്നത്. ബ്രസീൽ, എക്വഡോർ, ഗ്വാട്ടമാല, എൽസാൽവഡോർ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇപ്പോഴത്തെ തീരുവ ഒഴിവാക്കലിന്റെ ഗുണം ലഭിക്കുക. ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ച അവസാന ഘട്ടത്തിലാണ്. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെയും തീരുവ കുറക്കുമെന്നാണ് പ്രതീക്ഷ.
യു.എസിൽ ഇറക്കുമതി നടത്തുന്ന എല്ലാ രാജ്യങ്ങൾക്കുമേലും 10 ശതമാനം അടിസ്ഥാന നികുതിയാണ് ട്രംപ് ചുമത്തിയത്. ഇതിനുപുറമെ, ഓരോ രാജ്യങ്ങൾക്കുമേലും വ്യത്യസ്തമായ തോതിൽ അധിക തീരുവയും പ്രഖ്യാപിച്ചു. തീരുവ നയം തിരുത്തിയില്ലെങ്കിൽ വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

