യൂറോപ്പിലും അടിതെറ്റി ട്രംപ്; തീവ്ര ദേശീയവാദികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി ഇറാൻ യുദ്ധം
text_fieldsബുഡാപെസ്റ്റ്: ആഗോള തലത്തിലുള്ള രൂക്ഷമായ പ്രതിഷേധങ്ങൾക്കുപുറമെ, ഇറാൻ യുദ്ധം യൂറോപ്പിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായുള്ള ട്രംപിന്റെ ബന്ധങ്ങളിലും വിള്ളൽ വീഴ്ത്തിയതായി റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മാഗാ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തിലെ സഖ്യകക്ഷികളായി കരുതപ്പെട്ടിരുന്ന ദേശീയവാദികളായ നേതാക്കൾ തങ്ങളുടെ നീരസം പല വഴിക്ക് പ്രകടിപ്പിച്ചുകഴിഞ്ഞു.
രണ്ടാം ടേമിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയപ്പോൾ, യൂറോപ്പിലെ വലതുപക്ഷ മൂവ്മെന്റുമായുള്ള ബന്ധം ട്രംപ് ശക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ അതേ വിഭാഗങ്ങളിൽ പലതും ഇറാൻ യുദ്ധത്തോട് തുറന്ന വെറുപ്പ് പ്രകടിപ്പിക്കുകയാണ്. ഒരു പുതിയ വലതുപക്ഷ ലോകക്രമത്തിന് തുടക്കമിടുമെന്ന് കരുതിയ ബന്ധങ്ങളെ ഈ യുദ്ധം ദുർബലമാക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈയാഴ്ച ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. ആഗോള വലതുപക്ഷത്തിന്റെയും അമേരിക്കൻ യാഥാസ്ഥിതികരുടെയും ‘ഐക്കണാ’ണ് ഓർബാൻ. കുടിയേറ്റം തടയാനും തന്റെ ‘ഫിഡെസ്’ പാർട്ടി അധികാരത്തിൽ തുടരുമെന്ന് ഉറപ്പാക്കാനുമുള്ള ഹംഗേറിയൻ നേതാവിന്റെ ശ്രമം ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയാൽ ആവർത്തിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വാരാന്ത്യത്തിൽ കടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഓർബാനുള്ള ട്രംപിന്റെ പിന്തുണ ഫലം കാണുകയില്ലെന്നാണ് വിലയിരുത്തലുകൾ. ഇതിനുപുറമെ, ഇറാനെതിരെ ആക്രമണം നടത്താൻ സിസിലിയിലെ വ്യോമതാവളം അമേരിക്കക്ക് വിട്ടുനൽകാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വിസമ്മതിച്ചതടക്കം പല സംഭവങ്ങളും നടന്നു. ഫ്രാൻസിന്റെ ‘നാഷനൽ റാലി’ പാർട്ടി നേതാവ് മറൈൻ ലെ പെൻ, ട്രംപിന്റെ യുദ്ധലക്ഷ്യങ്ങളെ ‘അനിയന്ത്രിത’മെന്നാണ് വിശേഷിപ്പിച്ചത്. ജർമനിയുടെ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ പാർട്ടി തലവൻ, യു.എസ് സൈനികർ രാജ്യത്ത് തങ്ങളുടെ താവളങ്ങൾ വിടണമെന്ന് ആവശ്യപ്പെട്ടു.
ഗ്രീൻലാൻഡിനുമേലുള്ള അവകാശ വാദത്തിനും തിരിച്ചടി
നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്ക്, ഗ്രീൻലാൻഡ് അമേരിക്കക്ക് വിട്ടുനൽകണമെന്ന ട്രംപിന്റെ ആവശ്യത്തിലും ഇറാൻ യുദ്ധം കരിനിഴൽ വീഴ്ത്തി. ഈ വർഷം ആദ്യം ട്രംപ് നടത്തിയ ഭീഷണികൾക്കെതിരെ, യുദ്ധാനന്തരം യൂറോപ്പിൽ വ്യാപകമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണിത്.
ഗ്രീൻലാൻഡിൽ നാറ്റോ കൂടുതലായൊന്നും സഹായിച്ചില്ലെന്ന് ട്രംപ് വീണ്ടും പരാതിപ്പെട്ടു. ‘നമുക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ അവിടെ ഉണ്ടായിരുന്നില്ല. ഇനിയും നമുക്കവരെ ആവശ്യമായി വന്നാലും അവർ അവിടെ ഉണ്ടാകില്ല’ എന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ എഴുതി. യൂറോപ്പിലെ തീവ്ര വലതുപക്ഷവുമായുള്ള ഏറ്റവും പുതിയ സംഘർഷം ലോകമെമ്പാടുമുള്ള ദേശീയ നേതാക്കളെ സഹായിക്കാനുള്ള ട്രംപിന്റെ പ്രതീക്ഷകൾക്ക് പരിധികൾ നിശ്ചയിക്കുന്നതായി മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സർക്കാറിലെ അംബാസഡറും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ ഡാനിയേൽ ബെയർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

