യേശുവിനോട് ഉപമിച്ചുള്ള എ.ഐ ചിത്രം: വെട്ടിലായി ഡോണൾഡ് ട്രംപ്; വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു
text_fieldsഡോണൾഡ് ട്രംപ് പങ്കുവെച്ച എ.ഐ ചിത്രം
വാഷിങ്ങ്ടൺ: യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എ.ഐ (നിർമിത ബുദ്ധി) ചിത്രം പങ്കുവെച്ച് വെട്ടിലായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിനെ പിന്തുണക്കുന്ന തീവ്ര മതവിശ്വാസികളിൽ നിന്ന് പോലും കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ അകൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം ട്രംപ് നീക്കം ചെയ്തു.
നീളൻ അങ്കിയണിഞ്ഞ് രോഗിയുടെ മേൽ കൈവെച്ച് അത്ഭുതം പ്രവർത്തിക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സൈനിക വിമാനങ്ങളും മാലാഖമാരും അണിനിരക്കുന്നു. യേശുക്രിസ്തു ലാസറിനെ ഉയിർപ്പിച്ചതിനെ അനുകരിക്കുന്നതാണ് ഈ ചിത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ട്രംപിനെ സാധാരണയായി പിന്തുണക്കാറുള്ള റിപ്പബ്ലിക്കൻ ഗ്രൂപ്പുകളിൽ നിന്നും കായിക താരം റൈലി ഗെയിൻസിനെപ്പോലുള്ളവരിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണ് ട്രംപിന് നേരെ ഉണ്ടായത്. 'ദൈവത്തെ പരിഹസിക്കരുത്, അല്പം വിനയം ട്രംപിന് ഗുണകരമാകും' എന്ന് റൈലി ഗെയിൻസ് എക്സിൽ കുറിച്ചു. 'ഇത് വലിയ ദൈവനിന്ദ ആണെന്നാണ്' റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി യൂത്ത് കൗൺസിൽ മുൻ കോ-ചെയർമാൻ ബ്രിലിൻ ഹോളിഹാൻഡ് പ്രതികരിച്ചത്.
യു.എസ്-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് മാർപ്പാപ്പയുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഇത്തരമൊരു എ.ഐ ചിത്രം ട്രംപ് പങ്കുവെക്കുന്നത്. അമേരിക്കൻ വംശജനായ പോപ്പ് ലിയോ ഇറാനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ ദിനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിനെതിരെ കടുത്ത ഭാഷയിൽ ട്രംപ് വിമർശനം ഉന്നയിച്ചത്. പോപ്പ് വിദേശനയങ്ങളിൽ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയമാണെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സത്യങ്ങൾ തുറന്നു പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ ട്രംപിന് മറുപടി നൽകി.
2024ലെ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ വോട്ടർമാരുടെ വലിയ പിന്തുണ ട്രംപിന് ലഭിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെ ട്രംപിന്റെ മന്ത്രിസഭയിലെ എട്ടോളം അംഗങ്ങൾ കത്തോലിക്കരാണ്. എന്നാൽ മുൻപ് പോപ്പ് ഫ്രാൻസിസ് അന്തരിച്ചപ്പോൾ ട്രംപിനെ തന്നെ മാർപ്പാപ്പയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചതും മുൻപ് വലിയ വിവാദമായിരുന്നു. നിലവിലെ പുതിയ വിവാദം മതവിശ്വാസികൾക്കിടയിൽ ട്രംപിനുള്ള സ്വാധീനത്തെ ബാധിക്കുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

