ട്രംപ് പേടിയിൽ ലോകം
text_fieldsസത്യപ്രതിജ്ഞക്കുശേഷം ഓവൽ ഓഫിസിൽ എക്സിക്യൂട്ടിവ്
ഉത്തരവിൽ ഒപ്പിടുന്ന ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: തീവ്രദേശീയതയിൽ പൊതിഞ്ഞ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റപ്പോൾ ലോകത്തിന് മുന്നിൽ ഉയരുന്നത് വലിയൊരുചോദ്യചിഹ്നം. സാമൂഹിക, സാമ്പത്തിക, രാജ്യാന്തര തലങ്ങളിൽ ട്രംപിെന്റ വരവ് ഇതിനകം അലയൊലികൾ ഉയർത്തിക്കഴിഞ്ഞു. ഇറക്കുമതി വസ്തുക്കൾക്ക് നികുതി ചുമത്തുമെന്ന ട്രംപിെന്റ ഭീഷണി ഇന്ത്യയിൽ ഉൾപ്പെടെ ഒാഹരി വിപണികളെ പിടിച്ചുലച്ചു. വ്യാപാര യുദ്ധ ഭീഷണിയിൽ സെൻസെക്സ് 1235 പോയന്റും നിഫ്റ്റി 320 പോയന്റുമാണ് ചൊവ്വാഴ്ച ഇടിഞ്ഞത്.
അധികാരമേറ്റയുടൻ ട്രംപ് പുറപ്പെടുവിച്ച എക്സിക്യുട്ടിവ് ഉത്തരവുകൾ ലോക വ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള തീരുമാനം ലക്ഷക്കണക്കിനാളുകളെ ബാധിക്കും. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. യു.എസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് അഞ്ചുദശലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ കഴിയുന്നത്.
ഇതിൽ 34 ശതമാനം പേർ മാത്രമാണ് അമേരിക്കയിൽ ജനിച്ചത്. ഗ്രീൻ കാർഡ് കാത്തുകഴിയുന്ന 10 ലക്ഷത്തോളം ഇന്ത്യക്കാരെ തീരുമാനം നിരാശപ്പെടുത്തുന്നതാണ്.
ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാനുള്ള ട്രംപിെന്റ തീരുമാനം ഇന്ത്യയടക്കം രാജ്യങ്ങളെ ബാധിക്കും. സംഘടനയുടെ പ്രവർത്തന ഫണ്ടിൽ അഞ്ചിലൊന്നും നൽകുന്നത് അമേരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിൽ ഉൾപ്പെടെ നടപ്പാക്കി വരുന്ന ഡബ്ല്യു.എച്ച്.ഒയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും.
ട്രംപ് പുതുതായി രൂപവത്കരിച്ച സർക്കാർ കാര്യക്ഷമത വകുപ്പിനെതിരെ ജീവനക്കാരുടെ സംഘടനകളും സന്നദ്ധ സംഘടനകളും കോടതിയെ സമീപിച്ചുകഴിഞ്ഞു. സർക്കാർ ഏജൻസികൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുമെന്നും ജീവനക്കാരുടെ എണ്ണം ചുരുക്കുമെന്നും വകുപ്പിെന്റ ചുമതലയുള്ള ഇലോൺ മസ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആഗോള താപനം ചെറുക്കുന്നതിനായി 2015ൽ ഒപ്പുവെച്ച പാരിസ് ഉടമ്പടിയിൽനിന്ന് ട്രംപ് പിന്മാറിയതും പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

