‘ഇസ്രായേൽ ആക്രമണം ഭരണകൂട ഭീകരത’; അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി
ദോഹ: ഇസ്രായേൽ ആക്രമണത്തിനെതിരെ അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി വിളിച്ചുചേർത്ത് ഖത്തർ. ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി പറഞ്ഞു.
ഈമാസം 14-15 തീയതികളിലാണ് ഉച്ചകോടി. ഇസ്രായേൽ ആക്രമണത്തിനെതിരെ മേഖലയിൽനിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർനടപടികൾ മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചന നടത്തിയാണ് സ്വീകരിക്കുക. ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്താനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണ്. എല്ലാ നിയമങ്ങളും ലംഘിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഹമാസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇസ്രായേലിനും അമേരിക്കക്കും അറിയാം. ഇതിനെ ഭീകരവാദത്തിന് അഭയം നൽകുന്നതായി മുദ്രകുത്തുന്നതിന് ന്യായീകരണമില്ല. വെടിനിർത്തൽ ചർച്ചകളിലെ പങ്കാളിത്തത്തെക്കുറിച്ച് ഖത്തർ പുനർവിചിന്തനം നടത്തുകയാണെന്നും, എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് യു.എസുമായി ചർച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവം നടന്നയുടനെ ഐക്യദാർഢ്യവുമായി വിവിധ അറബ് രാജ്യങ്ങളുടെ നേതാക്കൾ ഖത്തറിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ഈജിപ്ഷ്യൻ പ്രവാസികാര്യമന്ത്രി ഡോ. ബദ്ർ അബ്ദുൽ ആദി, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് തുടങ്ങിയവരും ഖത്തറിൽ നേരിട്ടെത്തി പിന്തുണയർപ്പിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

