കടലോളം ആവേശം; കോർണിഷിൽ ഇന്ന് കലകലക്കും
text_fieldsദോഹയിൽ ബ്രസീലിന്റെയും അർജന്റീനയുടെയും
മലയാളി ആരാധകരുടെ മീറ്റപ്പിനായി പുറത്തിറക്കിയ
പോസ്റ്ററുകൾ
ദോഹ: പുള്ളാവൂർ പുഴയല്ല ദോഹ കോർണിഷ്. ഇവിടെ മെസ്സിയുടെയും നെയ്മറിന്റെയും കൂറ്റൻ കട്ടൗട്ടുകളൊന്നുമില്ല. പക്ഷേ, ആവേശം കടലോളം. എന്നാലോ, വാക്പോര് ഒട്ടുമില്ല. സ്വന്തം ടീമുകളോടുള്ള സ്നേഹത്തിരയിളക്കമാണ് 'മെയിൻ'. എതിരാളികളെ ഇകഴ്ത്തുന്ന 'ഫൗൾ' പ്രയോഗങ്ങൾ ഒട്ടുമില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉൾക്കടലോരത്തെ ഉല്ലാസപാതയായ കോർണിഷിലെ ക്ലോക് ടവറിനു മുന്നിലെത്തിയാൽ അതു തൊട്ടറിയാം.
ചെണ്ടമേളം, ബാൻഡ്സെറ്റ്, സാംബാതാളം, കട്ടൗട്ട് മാർച്ച്, മാസ്ക് റാലി, റോളർ സ്കേറ്റിങ്, ഫാൻസി ഡ്രസ്, ബാൾ ഷോവറിങ്.... ആവേശം തുരുതുരാ ഗോൾവല കുലുക്കുന്ന കാഴ്ചകളുടെ വൈവിധ്യങ്ങളാണിന്ന് കോർണിഷിൽ. വിശ്വമേളയുടെ മണ്ണിൽ, ആവേശം ആകാശത്തോളമുയർത്താൻ 'ഓപൺ മീറ്റപ് മെഗാ ഫ്ലാഗ് റാലി'ക്ക് ചുക്കാൻപിടിച്ച് മലയാളികൾ ഇറങ്ങിക്കളിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് 'ഫ്ലാഗ് പ്ലാസ' മുതൽ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് വരെയാണ് ഫ്ലാഗ് മാർച്ച്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പോർചുഗൽ, സ്പെയിൻ, ബെൽജിയം എന്നീ ടീമുകളുടെ അയ്യായിരത്തിലധികം ആരാധകരാണ് ഒന്നിക്കുന്നത്. വിവിധ ടീം ആരാധക കൂട്ടായ്മകൾക്കു കീഴിൽ പല രാജ്യങ്ങളിൽനിന്നുള്ളവർ അണിചേരും. റാലിക്കായി ഓരോ ആരാധകക്കൂട്ടവും തയാറെടുപ്പുകളും അണിയറ പ്രവർത്തനങ്ങളും നടത്തിക്കഴിഞ്ഞു.
അർജന്റീനക്കും ബ്രസീലിനുംവേണ്ടി 2000 പേർ വീതം പങ്കെടുക്കും. ഇംഗ്ലണ്ടിനായി 600ഓളം പേർ. അർജന്റീന ഫാൻസ് ദോഹ കോർണിഷിൽ ഒന്നിക്കുമ്പോൾ ബ്രസീൽ ആരാധകർ ഖത്തർ നാഷനൽ മ്യൂസിയം പരിസരത്ത് സംഗമിച്ച് മഞ്ഞക്കടലായി ഒഴുകും. ഫ്ലാഗ് പ്ലാസയിൽ ഇംഗ്ലണ്ടിന്റെ സംഗമം ഫിഫ ഫാൻ ലീഡർ സ്റ്റീവ് മാക്കി ഫ്ലാഗ്ഓഫ് ചെയ്യും.
മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ ഫാൻസ് കൂട്ടായ്മകൾ എല്ലാ രാജ്യക്കാരെയും ഉൾക്കൊള്ളിച്ച് വിപുലപ്പെടുത്തിയിട്ടുണ്ട്. എട്ടു ആരാധകക്കൂട്ടങ്ങളിൽനിന്ന് രണ്ടുപേർ വീതമുള്ള ഓൾ അഡ്മിൻ ഗ്രൂപ്പാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

