രോഗികൾക്ക് കാവലായ കൈകൾക്ക് ജനങ്ങളുടെ അംഗീകാരം; ഗസ്സയിൽ സേവനം അനുഷ്ഠിച്ച ഡോ. ആദം ഹമാവിക്ക് യു.എസ് പ്രൈമറി തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം
text_fieldsഗസ്സയിൽ സേവനം അനുഷ്ഠിച്ച പ്രമുഖ സർജൻ ഡോ. ആദം ഹമാവിക്ക് യു.എസ് പ്രൈമറി തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ന്യൂജേഴ്‌സിയിലെ പന്ത്രണ്ടാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് ആദം ഹമാവി തെരഞ്ഞെടുക്കപ്പെട്ടത്.
2024ൽ ഗസ്സയിലെ ഖാൻ യൂനിസിലുള്ള യൂറോപ്യൻ ആശുപത്രിയിൽ സന്നദ്ധസേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടറാണ് ആദം ഹമാവി. ഇസ്രായേൽ സൈന്യം ആശുപത്രി ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടപ്പോഴും തന്റെ രോഗികളെയും സഹപ്രവർത്തകരെയും ഉപേക്ഷിച്ചുപോകാൻ അദ്ദേഹം തയാറായിരുന്നില്ല.
ഇസ്രായേലിന്റെ ബോംബാക്രമണത്തിനിടയിലും സമാനതകളില്ലാത്ത പ്രതിസന്ധികളോട് പോരാടി ഫലസ്തീൻ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ മുന്നിൽനിന്ന വ്യക്തിയെന്ന നിലയിലാണ് വോട്ടർമാർ ആദം ഹമാവിയെ നെഞ്ചിലേറ്റിയതെന്ന് 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മിഡിൽ ഈസ്റ്റ് അണ്ടർസ്റ്റാൻഡിങ്' പോളിസി പ്രൊജക്റ്റും 'ജസ്റ്റിസ് ഡെമോക്രാറ്റ്സും' സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ ഭീകരത നേരിട്ടറിഞ്ഞയാളാണ് അദ്ദേഹമെന്നും സംഘടനകൾ കൂട്ടിച്ചേർത്തു.
ഹമാവിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകിയ രാഷ്ട്രീയ കൂട്ടായ്മയായ ജസ്റ്റിസ് ഡെമോക്രാറ്റ്‌സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇസ്രായേൽ അനുകൂല ലോബിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. പ്രമുഖ ഇസ്രായേൽ അനുകൂല ലോബിയായ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വൻതോതിൽ പണമൊഴുക്കി ഹമാവിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും വോട്ടർമാരെ വിലക്കെടുക്കാൻ അവർക്ക് സാധിച്ചില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. തീവ്ര ഇസ്രായേൽ അനുകൂല നിലപാടുകാരുടെ കുപ്രചാരണങ്ങളെയും വെല്ലുവിളികളെയും മറികടന്നാണ് ഡോ. ആദം ഹമാവിയുടെ ഈ മിന്നും വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

