
'ദിറിലിഷ് എർത്തുഗ്രുൽ' താരം അയ്‌ബെർക്ക് പെക്കാൻ അന്തരിച്ചു
text_fields'ദിറിലിഷ് എർത്തുഗ്രുൽ' സീരീസിലൂടെ പ്രശസ്തനായ ടർക്കിഷ് നടൻ അയ്ബെർക്ക് പെക്ചാൻ എന്ന അർതുക് ബേ അന്തരിച്ചു. 51 വയസ്സായിരുന്നു. ദീർഘകാം ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയാണ് താരത്തിന്‍റെ കുടുംബം മരണം സ്ഥിരീകരിച്ചത്.
ദിറിലിഷ് എർത്തുഗ്രുൽ എന്ന ചരിത്ര പരമ്പരയിൽ നായകന്‍റെ വലം കൈയായുള്ള അർതുക് ബേയുടെ വേഷമാണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. വളരെ ജനപ്രീതിയുള്ള സീരീസിൽ അയ്ബെർക്കിനും ആരാധകർ ഏറെയുണ്ടായിരുന്നു.
1970ല്‍ ജനിച്ച അയ്ബെർക്ക് പെക്ചാൻ മെര്‍സിന്‍ യൂനിവേഴ്‌സിറ്റിയിലെ തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ബിരുദം നേടി. വളരെ ജനപ്രിയമായ വാലി ഓഫ് ദി വോള്‍വ്‌സ് (കുര്‍ട്ട്‌ലര്‍ വാദിസി) സീരീസ് ഉള്‍പ്പെടെ നിരവധി പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്‍റെ അസുഖത്തെ കുറിച്ച് താരം സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'പ്രിയ സുഹൃത്തുക്കളെ... നടുവേദനയെ തുടർന്ന് ഞാൻ ഡോക്ടറെ കാണാൻ വന്നതായിരുന്നു. പരിശോധനയിൽ എനിക്ക് ശ്വാസകോശ അർബുദമുണ്ടെന്ന് മനസ്സിലായി. ട്യൂമർ കരളിലേക്കും അഡ്രിനൽ ഗ്രന്ഥികളിലേക്കും പടർന്നിട്ടുണ്ട്. നിർഭാഗ്യവശാൽ രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. കീമോതെറാപ്പിയുടെ ആദ്യ ദിവസമാണ്... എന്‍റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. അതുപോലെ എന്‍റെ സുഹൃത്തുക്കളും സമീപമുണ്ട്. എന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും നിങ്ങളോടൊപ്പം സൂക്ഷിക്കുക. സുഖമായി ഇരിക്കൂ...' -എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.
മരണ വാർത്ത ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ അനുശോചനം അറിയിക്കുകയും ചെയ്തു. ദിറിലിഷ് എർത്തുഗ്രുൽ സംവിധായകനും നിർമാതാവുമായ മെഹ്മെത് ബോസ്ദാഗ് ആദരാഞ്ജലികൾ അർപ്പിച്ചു.
2014 ഡിസംബർ 10 മുതൽ തുർക്കിയിലെ ടി.ആർ.ടി 1 ടി.വി ചാനലിലാണ് സീരീസ് സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി അതുമാറി. ഏഴുനൂറ്റാണ്ട് നീണ്ടുനിന്ന ഉസ്മാനിയ ഖിലാഫത്തിന്റെ നാന്ദിയുടെ കഥയാണ് പറയുന്നത്.
തുർക്കിഷ് ഗെയിം ഓഫ് ത്രോൺസ് എന്ന് വിളിപ്പേരുള്ള സീരീസ് ലോകമാകെ നിരവധി രാഷ്ട്രീയ ചർച്ചകൾക്കും വഴി തുറന്നിരുന്നു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ സീരീസിന്‍റെ ഷൂട്ടിംഗ് സ്ഥലങ്ങൾ സന്ദർശിച്ചതും ജനങ്ങളോട് കാണാൻ നിർദേശിച്ചതും ഏറെ ചർച്ചയായിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സീരീസിന്‍റെ ഇതിവൃത്തത്തെ പുകഴ്ത്തുകയും കുട്ടികളോടും യുവാക്കളോടും കാണാൻ ആവശ്യപ്പെടുകയും ചെയ്തതും വലിയ വാർത്തയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
