Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രശംസയും ആക്ഷേപവും...

പ്രശംസയും ആക്ഷേപവും ഏറ്റുവാങ്ങിയ നയതന്ത്രജ്ഞർ

text_fields
bookmark_border
പ്രശംസയും ആക്ഷേപവും ഏറ്റുവാങ്ങിയ നയതന്ത്രജ്ഞർ
cancel
camera_alt

മാവോ സേ തുങ്ങിനൊപ്പം ഹെ​ന്റി കി​സി​ൻ​ജ​ർ

വാഷിങ്ടൺ: ജർമനിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി പതിറ്റാണ്ടുകളോളം ലോക രാഷ്ട്രീയത്തിെന്റ ഗതി നിർണയിച്ചയാളാണ് വ്യാഴാഴ്ച അന്തരിച്ച ഹെന്റി കിസിൻജർ. ആഗോള വേദിയിൽ താരപരിവേഷമുള്ള നയതന്ത്രജ്ഞൻ, ശീതയുദ്ധകാലത്ത് അമേരിക്കൻ വിദേശനയം രൂപവത്കരിക്കുന്നതിലെ ചാലകശക്തി എന്നിങ്ങനെയെല്ലാം അദ്ദേഹം അറിയപ്പെടുന്നു. യൂനിവേഴ്സിറ്റി പ്രഫസറിൽനിന്ന് ലോകമെങ്ങും അറിയപ്പെടുന്ന നയതന്ത്രജ്ഞനായി മാറിയ അദ്ദേഹം ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തിന് ചുക്കാൻ പിടിച്ചു. വിയറ്റ്നാമിൽനിന്നുള്ള അമേരിക്കൻ പിന്മാറ്റത്തിന് ചർച്ചകൾ നടത്തി. ശീതയുദ്ധം കൊടുമ്പിരികൊണ്ട നാളുകളിലും സോവിയറ്റ് യൂനിയനുമായുള്ള അമേരിക്കയുടെ ബന്ധം പുനഃസ്ഥാപിക്കാൻ തെന്റ കൂർമബുദ്ധി ഉപയോഗിച്ചു. കിസിൻജറെപ്പോലെ ആഘോഷിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയുംചെയ്ത നയതന്ത്രജ്ഞർ വേറെയുണ്ടാകില്ല. മികച്ച നയതന്ത്രജ്ഞനെന്ന വിേശഷണവും യുദ്ധക്കൊതിയനെന്ന ആക്ഷേപവും അദ്ദേഹത്തെ തേടിയെത്തി.

ഏറ്റവും ശക്തനായ യു.എസ് സ്റ്റേറ്റ് സെക്രട്ടറി

രണ്ടാം ലോകയുദ്ധാനന്തരമുള്ള ഏറ്റവും ശക്തനായ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് കിസിൻജർ. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ അദ്ദേഹം തയാറായി. ഇതിനായി അമേരിക്കൻ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ബലികഴിക്കാൻ അദ്ദേഹം മടികാണിച്ചില്ല. രാജ്യതാൽപര്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ അതിൽ തെറ്റില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ജോൺ എഫ്. കെന്നഡി മുതൽ ജോ ബൈഡൻ വരെയുള്ള 12 പ്രസിഡന്റുമാർക്ക് അദ്ദേഹം ഉപദേശം നൽകി.

‘ചുവന്ന ചൈന’യുമായുള്ള കിസിൻജറുടെ രഹസ്യ ചർച്ചകൾ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സെന്റ ഏറ്റവും പ്രധാന വിദേശനയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിെന്റ ഭാഗമായിരുന്നു ഈ നീക്കം. മാവോ മുതൽ ഷി ജിൻ പിങ് വരെയുള്ള ചൈനീസ് നേതാക്കളുമായി ബന്ധം പുലർത്തിയ ഏക അമേരിക്കക്കാരനുമാണ് ഇദ്ദേഹം. കഴിഞ്ഞ ജൂലൈയിൽ 100ാം വയസ്സിലും അദ്ദേഹം ബെയ്ജിങ്ങിൽവെച്ച് ഷി ജിൻ പിങ്ങുമായും മറ്റു ചൈനീസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമാകുന്ന സാഹചര്യത്തിലും രാജകീയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയനെ സംഭാഷണമേശക്കരികിലേക്കെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ആണവായുധ നിയന്ത്രണ ഉടമ്പടിയിലേക്ക് നയിച്ചതും ഇദ്ദേഹത്തിെന്റ പരിശ്രമങ്ങളാണ്. രണ്ട് അമേരിക്കൻ പ്രസിഡന്റുമാരുടെ കീഴിൽ പ്രവർത്തിച്ച അദ്ദേഹം സർക്കാറിലെ നിർണായക സ്വാധീനശക്തിയായി നിലകൊണ്ടു. അതോടൊപ്പം യുദ്ധക്കൊതിയനെന്ന വിമർശനം കേൾക്കേണ്ടിവരികയും ചെയ്തു. സൂക്ഷ്മ നിരീക്ഷണ പാടവം, ചരിത്രത്തിലുള്ള അഗാധമായ ജ്ഞാനം, എഴുത്തുകാരനെന്ന നിലയിലുള്ള മികവ് -ഹെന്റി കിസിൻജറെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ഘടകങ്ങൾ ഇവയൊക്കെയാണ്.

ഹാർവഡിൽ പഠിച്ച്, അവിടെത്തന്നെ പ്രഫസറാവുകയും പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തിൽ നെടുനായക റോൾ വഹിക്കുകയും ചെയ്തതാണ് അദ്ദേഹത്തിെന്റ മികവ്. പ്രസിഡന്റല്ലാത്ത മറ്റൊരാളും ഇതുപോലെ അമേരിക്കൻ വിദേശനയത്തിെന്റ ഗതി നിർണയിച്ചിട്ടില്ല.

1970കളിലാണ് അമേരിക്കൻ വിദേശനയത്തിൽ അദ്ദേഹത്തിെന്റ കൈയൊപ്പ് പതിഞ്ഞത്. പ്രസിഡന്റ് റിച്ചാർഡ് നിക്സെന്റയും തുടർന്ന് ജെറാൾഡ് ഫോർഡിെന്റയും ഉപദേശകനായിരുന്നു അദ്ദേഹം. നിക്സെന്റ ഭരണകാലത്താണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായത്. പിന്നീട് സ്റ്റേറ്റ് സെക്രട്ടറി എന്ന പദവിയും ഇതോടൊപ്പം വഹിച്ചു. അതിനുശേഷം മറ്റാരും ഈ രണ്ട് പദവികളും ഒരുമിച്ച് വഹിച്ചിട്ടില്ല.

വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച 1973ലെ പാരിസ് കരാറിന് രൂപം നൽകിയതിന് വിയറ്റ്നാംകാരനായ ലേ ഡക് തോക്കൊപ്പം നൊബേൽ പുരസ്കാരം നേടി. എന്നാൽ, വിമർശകരുടെ പ്രകടനങ്ങൾ ഭയന്ന് നൊബേൽ പുരസ്കാരം സ്വീകരിക്കാൻ ഓസ്ലോയിലേക്ക് പോകാൻ അദ്ദേഹം തയാറായില്ല.

ജർമൻ ഉച്ചാരണം, കൂർമബുദ്ധി, ഹോളിവുഡ് താരങ്ങളുമായി ഇടപഴകാനും സിനിമാ താരങ്ങളുമായി ഡേറ്റിങ് നടത്താനുമുള്ള അഭിനിവേശം എന്നിവയെല്ലാം മുൻഗാമികളേക്കാൾ അദ്ദേഹത്തെ പ്രശസ്തനാക്കി. സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോൾ ഒരു അഭിപ്രായ വോട്ടെടുപ്പ് കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നാണ്. മിക്കവർക്കും പൊതുജീവിതത്തിൽ സ്വപ്നം കാണാൻപോലും സാധിക്കാത്ത അധികാരവും പ്രശസ്തിയും സമ്പത്തുമാണ് അദ്ദേഹത്തിന് ലഭിച്ചത്. എങ്കിലും അവസാന ദശകങ്ങളിൽ സ്വന്തം നിലപാടുകളെയും ചരിത്രത്തിലെ തെന്റ സ്ഥാനത്തെയും പ്രതിരോധിച്ചുകൊണ്ടാണ് അദ്ദേഹം ചെലവഴിച്ചത്. താൻ ചെയ്യേണ്ടിയിരുന്നതാണ് ചെയ്തത് എന്ന് അദ്ദേഹം വിശദീകരിച്ചു.

ഷട്ടിൽ നയതന്ത്രം

1973ൽ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതിനുശേഷം അദ്ദേഹം നടത്തിയ ഷട്ടിൽ നയതന്ത്രമാണ് ഇസ്രായേലും അറബ് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കിയത്. ഷട്ടിൽ നയതന്ത്രത്തിലൂടെ മോസ്കോയെ പശ്ചിമേഷ്യയിലെ പ്രധാന ശക്തി എന്ന റോളിൽനിന്ന് പുറത്താക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, മേഖലയിൽ വിശാലമായ സമാധാനം കൊണ്ടുവരുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

രാജ്യത്തെ ഏറ്റവും പ്രഗല്ഭനും ആദരണീയനുമായ പൊതുപ്രവർത്തകരിൽ ഒരാൾ എന്നാണ് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ, മനുഷ്യാവകാശത്തേക്കാൾ നയതന്ത്രപരമായ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകിയ രക്തം മരവിപ്പിക്കുന്ന പ്രായോഗിക വാദത്തിെന്റ പ്രയോക്താവ് എന്ന് അദ്ദേഹത്തെ വിമർശകർ കുറ്റപ്പെടുത്തി. 1969ൽ കംബോഡിയയിൽ നടന്ന ‘രഹസ്യ ബോംബാക്രമണ’ത്തിന് പിന്നിലും ഒരു വർഷത്തിനു ശേഷമുണ്ടായ അമേരിക്കൻ അധിനിവേശത്തിന് പിന്നിലും കിസിൻജറാണെന്ന് വിമർശകർ വിളിച്ചുപറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിയറ്റ്നാമിലെയും കംബോഡിയയിലെയും ക്രൂരതകളുടെ പേരിൽ ഇടതുപക്ഷം യുദ്ധക്കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിളിച്ചത്.

കിസിൻജറോടുള്ള എതിർപ്പ് മരണേശഷവും പലതരത്തിലാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. ‘അമേരിക്കൻ ഭരണവർഗത്തിെന്റ പ്രിയപ്പെട്ട യുദ്ധക്കുറ്റവാളി ഒടുവിൽ അന്തരിച്ചു’ എന്നാണ് ‘റോളിങ് സ്റ്റോൺ’ മാഗസിൻ തലക്കെട്ട് നൽകിയത്. വ്യക്തിപരമായ അധികാരത്തിനുവേണ്ടി അല്ലെങ്കിൽ ലോക വേദിയിൽ രാജ്യത്തിെന്റ താൽപര്യങ്ങൾ നടപ്പാക്കുന്നതിന് ഏതറ്റംവരെയും പോകാൻ തയാറാകുന്ന അമേരിക്കൻ റിയൽ പൊളിറ്റിക്കിെന്റ മൂർത്തഭാവമായാണ് വിമർശകർ അദ്ദേഹത്തെ കാണുന്നത്. പേർഷ്യൻ ഗൾഫിലെ യു.എസ് നയത്തിന്റെ പ്രതിരൂപമായി ഇറാന്റെ ഷായെ പ്രോത്സാഹിപ്പിക്കുന്ന കിസിൻജറുടെ നയം എണ്ണവില ഉയർത്താൻ ഷായെ പ്രോത്സാഹിപ്പിക്കുകയും ഇറാനിയൻ വിപ്ലവത്തിലേക്ക് നയിച്ച താൻപ്രമാണിത്തത്തെ പോഷിപ്പിക്കുകയും ചെയ്തുവെന്ന് വിമർശകർ കുറ്റപ്പെടുത്തി.

ആണവ പരീക്ഷണത്തിൽ ഇന്ത്യയെ പിണക്കാതെ

പല സമയങ്ങളിലും ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചയാളാണെങ്കിലും 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പ്രായോഗിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രസ്താവന ഇറക്കണമെന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റിെന്റ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ല. ഇന്ത്യയെ ശത്രുവാക്കുകയും ഇന്ത്യ-അമേരിക്കൻ ബന്ധം വഷളാക്കുകയും ചെയ്യുന്ന ഏത് നടപടിയും ഒഴിവാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. കഴിഞ്ഞ ദശകങ്ങളിൽ വൻശക്തിയായുള്ള ഇന്ത്യയുടെ വളർച്ച കണ്ട അദ്ദേഹം, ഇന്ത്യയുമായി ശക്തമായ ബന്ധം വേണമെന്നും യു.എസ് ഭരണകൂടങ്ങളെ ഉപദേശിച്ചു. ശീതയുദ്ധവും ബംഗ്ലാദേശ് പ്രതിസന്ധിയുമാണ് ഇന്ത്യയെയും അമേരിക്കയെയും ഏറ്റുമുട്ടലിെന്റ പാതയിലെത്തിച്ചതെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു.

ഇന്ത്യയോട് ആദ്യം പുച്ഛം, പിന്നീട് ഇഷ്ടം

വാഷിങ്ടൺ: ഇന്ത്യയോടുള്ള പുച്ഛത്തിന്റെ പേരിലാണ് ആദ്യം ഇന്ത്യക്കാർ യു.എസ് നയതന്ത്രജ്ഞൻ ഹെന്റി കിസിൻജറെ ശ്രദ്ധിച്ചത്. 70കളിൽ ഇന്ദിര ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ അവമതിപ്പ് ഒരു ഘട്ടത്തിൽ ഇന്ദിര ഗാന്ധിക്കെതിരെ വംശീയവും സ്ത്രീവിരുദ്ധവുമായ പരമാർശം നടത്തുന്നതിൽവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിന് ഇന്ത്യയോടുള്ള നിലപാട് മാറുകയും ഇന്ത്യ-യു.എസ് ബന്ധം ശക്തമാകണമെന്ന അഭിപ്രായത്തിലേക്ക് എത്തുകയും ചെയ്തു.

യു.എസ് രഹസ്യരേഖകൾ 2020ൽ പുറത്തുവന്നപ്പോൾ അതിൽ കിസിൻജറും പ്രസിഡന്റ് റിച്ചാർഡ് നിക്സണും തമ്മിലുള്ള സംഭാഷണത്തിനിടെ, കിസിൻജർ ഇന്ത്യക്കാരെ അടച്ചാക്ഷേപിക്കുകയും ഇന്ദിര ഗാന്ധിയെ അധിക്ഷേപിക്കുകയും​ ചെയ്തതായി വ്യക്തമായിരുന്നു. ബംഗ്ലാദേശ് വിമോചന പശ്ചാത്തലത്തിലായിരുന്നു ഇന്ദിര ഗാന്ധിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ഈ കാര്യം 2012​ൽ ഒരു മാധ്യമ സമ്മേളനത്തിൽ സംസാരിക്കവെ കിസിൻജർ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആ സമയത്തെ ക്ഷോഭത്തിൽ പറഞ്ഞ കാര്യം ചിലർ അടർത്തിമാറ്റി അവതരിപ്പിക്കുകയായിരുന്നു​െവന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

’70കളിൽതന്നെ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന നിലപാട് സ്വീകരിച്ച വ്യക്തികൂടിയാണ് അദ്ദേഹം. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിച്ചശേഷം അക്കാര്യം അംഗീകരിക്കാൻ അദ്ദേഹം മടിച്ചില്ല. ഇന്ത്യ-യു.എസ് നയതന്ത്ര, വ്യാപാര പ്രാധാന്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:henry kissinger
News Summary - Henry Kissinger, US Diplomat Who Shaped Cold War Diplomacy
Next Story