‘ഗസ്സക്കുവേണ്ടി ഡിജിറ്റൽ നിശബ്ദത’; ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ചേതമില്ലാത്തൊരു പിന്തുണയുമായി ലോകം
text_fieldsഇസ്രായേൽ ബോംബിട്ടു കൊന്നു തീർക്കുന്ന ഗസ്സയിലെ മനുഷ്യർക്കുവേണ്ടി ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ ലോകമൊന്നടങ്കമുള്ള മനുഷ്യസ്നേഹികൾ ഇറങ്ങുന്നു. ഇന്നു മുതൽ ഒരാഴ്ചത്തേക്ക് 30 മിനിറ്റ് ‘ഡിജിറ്റൽ നിശബ്ദത’ പാലിച്ചുകൊണ്ട് വംശഹത്യാ പ്രതിരോധ കാമ്പയ്നിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും പിന്തുണക്കുന്നവരും. ‘സൈലൻസ് ഫോർ ഗസ്സ’ എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റൽ കാമ്പെയ്‌ൻ ആണിത്.
ഇതൊരു പ്രതിരോധ പ്രവർത്തനമാണെന്നും ആഗോള ഡിജിറ്റൽ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയർത്തിക്കാണിക്കാൻ ലളിതവും ഫലപ്രദവുമായ മാർഗമാണെന്നും ഇതിന്റെ പിന്നിലുള്ള കാമ്പയ്ൻ പ്രചാരകർ വ്യക്തമാക്കുന്നു. ഈ കൂട്ടായ പ്രവർത്തനത്തിലൂടെ അൽഗോരിതങ്ങൾക്ക് ശക്തമായ ഒരു ഡിജിറ്റൽ സിഗ്നൽ അയക്കുകയും ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.
ശനിയാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9 മണിമുതൽ 9.30 വരെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ 30 മിനിറ്റ് സമ്പൂർണ നിശബ്ദരാകും. ഓർമപ്പെടുത്താന്‍ രാത്രി 9ന് ഫോണിൽ ഒരു അലാറം സജ്ജമാക്കാനും കാമ്പയ്ൻ പ്രചാരകർ നിർദേശിക്കുന്നു. ഈ ഇടവേളയിൽ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളും സമൂഹ മാധ്യമങ്ങൾ വഴി അവർ പങ്കുവെക്കുന്നു.
*നിങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കി വക്കുക.
*സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക.
*സന്ദേശങ്ങളില്ല.
*പോസ്റ്റുകളില്ല.
*കമന്റുകളില്ല.
*ലൈക്കുകളില്ല.
*ആപ്പുകൾ തുറക്കുന്നില്ല.
ഇങ്ങനെ ഡിജിറ്റൽ നിശബ്ദത പാലിക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും അവർ പറയുന്നു.
1. അൽഗോരിത ആഘാതം
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ സ്ഥിരമായ ഉപയോക്തൃ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് ഉപയോക്താക്കൾ അഥവാ യൂസർമാരാണ്. ഒരു ചെറിയ സമയത്തേക്ക് പോലും പ്രവർത്തനത്തിലെ പെട്ടെന്നുള്ള സമന്വയക്കുറവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അവ ഇങ്ങനെയായിരിക്കും.
ദൃശ്യപരമായ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തും.
തത്സമയ ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെ ബാധിക്കും.
അസാധാരണമായ ഉപയോക്തൃ പെരുമാറ്റത്തെക്കുറിച്ച് സെർവറുകളിലേക്ക് സാങ്കേതികമായ സിഗ്നൽ അയക്കും.
2. പ്രതീകാത്മക ആഘാതം
ഹൈപ്പർ കണക്റ്റഡ് ആയ ലോകത്ത് ഡിജിറ്റൽ നിശബ്ദത ഒരു ശക്തമായ പ്രസ്താവനയാണ്.
സോഷ്യൽ മീഡിയയുടെ ശബ്ദവും ഗസ്സയിലെ നിർബന്ധിത നിശബ്ദതയും തമ്മിലുള്ള ഒരു വലിയ വ്യത്യാസത്തെ ഇത് ഉയർത്തിക്കാണിക്കും.
3. സാമൂഹിക ആഘാതം
കാനമ്പയ്ൻ വ്യാപകമായാൽ പൗരന്മാർ ഗസ്സയിലെ കുറ്റകൃത്യങ്ങൾ നിരസിക്കുന്നുവെന്നത് അതതു രാഷ്രടത്തലവൻമാർക്കുമേൽ സമ്മർദമേറ്റും. അങ്ങനെയെങ്കിൽ മാത്രമേ അവർ അതിനെതിരെ നിലപാടുകൾ എടുക്കൂ.
ഇത് കൂട്ടായ പ്രതിഫലനത്തിന്റെ ഒരു നിമിഷമാണ്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പുരോഗമന തരംഗം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും കാമ്പയ്നു പിന്നിലുള്ളവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

