‘‘ഇവിടെ ഞാൻ എന്റെ ശവക്കുഴി ഒരുക്കുന്നു...’’ -പട്ടിണിക്കോലത്തിൽ കുഴിമാടമൊരുക്കുന്ന ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
text_fieldsഗസ്സ: ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളിൽ തങ്ങളുടെ പൗരന്മാരുമുണ്ടെന്ന് ഇസ്രായേലിനെ ഓർമിപ്പിച്ച് ഹമാസ് ബന്ദിയുടെ വീഡിയോ. ഗസ്സയിലെ തുരങ്കത്തിനുള്ളിൽ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകൾ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമാണ് അൽ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടത്.
2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദിയാക്കിയവരിൽ ഒരാളായ എവ്യതാർ ഡേവിഡാണ് 57 സെക്കൻഡുള്ള വീഡിയോയിലുള്ളത്.
ഇടുങ്ങിയ തുരങ്കത്തിനുള്ളിൽ മൺവെട്ടികൊണ്ട് കുഴിവെട്ടുന്ന എവ്യതാർ ‘ഞാന്‍ സ്വന്തം ശവകുഴി ഒരുക്കുകയാണ്’ എന്ന് ഹീബ്രുവിൽ വിശദീകരിക്കുന്നു. ‘ഓരോ ദിവസവും ശരീരം കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണ്. നേരെ ശവകുഴിയിലേക്ക് പോവുകയാണ്. എന്നെ അടക്കം ചെയ്യാനുള്ള ശവക്കുഴിയാണിത്. എന്റെ കുടുംബത്തോടൊപ്പം ചേരാനും, അവർക്കൊപ്പം ഉറങ്ങാനും കഴിയുന്നതിന് എന്നെ സ്വതന്ത്രനാകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’ -പട്ടിണിയുടെ അവശതയിൽ വിറയാർന്ന വാക്കുകളോടെ ഇസ്രായേലിനോടും ലോകത്തോടുമുള്ള സന്ദേശത്തിൽ എവ്യതാർ പറയുന്നു. വെട്ടിയ കുഴിയുടെ സമീപത്തായി അവശതയോടെ ഇരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പിഞ്ചു കുഞ്ഞുങ്ങൾ മുതൽ യുവാക്കൾ വരെ വിശന്നു മരിക്കുന്ന ഗസ്സയിൽ നിന്നും ഒരു ഇസ്രായേൽ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതിനു പിന്നാലെ നെതന്യാഹു സർക്കാറിനും സൈന്യത്തിനുമെതിരെ ഇസ്രായേലിൽ കടുത്ത പ്രതിഷേധവും ഉയർന്നു തുടങ്ങി.
ഹമാസിന്‍റെ പ്രൊപ്പഗണ്ട പ്രചാരണത്തിന്‍റെ ഭാഗമായി എവ്യതാർ ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇയാളുടെ മോചനം സാധ്യമാക്കണമെന്നും കുടുംബം സര്‍ക്കാറിനോടും ലോകത്തോടും ആവശ്യപ്പെട്ടു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ എവ്യാതറിന്‍റെ കുടുംബവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സംസാരിച്ചു.
ബന്ദിമോചനം സാധ്യമാക്കാനും, ഗസ്സക്കെതിരായ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കാനും നെതന്യാഹുവിൽ സമ്മർദം ചെലുത്തുന്നതാണ് എവ്യതാറിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം.
ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും നെതന്യാഹു വ്യക്തമാക്കി.
2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള 49പേരിൽ ഒരാളാണ് ഇസ്രായേൽ സൈനികൻ കൂടിയായ എവ്യതാർ ഡേവിഡ്. ആകെയുള്ള 251 ബന്ദികളില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി പേരെ മോചിപ്പിച്ചു കഴിഞ്ഞു. സൈനികർ ഉൾപ്പെടെ 49 പേരാണ് ബാക്കിയുളത്.
അതേസമയം, ഇസ്രായേൽ ഉപരോധത്തിൽ വലയുന്ന ഗസ്സയിലെ പട്ടിണി മരണം ദിവസേനെ രൂക്ഷമാവുകയാണ്. പോഷകാഹാരകുറവും പട്ടിണിയും മൂലം കഴിഞ്ഞ ദിവസം ആറ് പേർ കൂടി മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 93കുട്ടികൾ ഉൾപ്പെടെ 175 പേരാണ് പട്ടിണി കാരണം ഗസ്സയിൽ മരിച്ചു വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

