ലാഹോറിൽ വയറിളക്കം മൂലം ഏപ്രിൽ ഒന്ന് മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ടായിരത്തോളം കുട്ടികളെ
text_fieldsഇസ്ലമാബാദ്: പാകിസ്താനിലെ ലാഹോറിൽ ഏപ്രിൽ ഒന്ന് മുതൽ വയറിളക്കം മൂലം 2000ത്തോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സാംക്രമിക രോഗ നിയന്ത്രണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി) യുടെ ഒമ്പത് പോസിറ്റീവ് കേസുകളെങ്കിലും ലാഹോറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്ഥിതീകരിച്ചു. വിബ്രിയോ കോളറിയ ബാക്ടീരിയ കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുന്നതാണ് ഈ രോഗത്തിന് കാരണം. അസുഖം പൊതുജനാരോഗ്യത്തിന് ആഗോള ഭീഷണിയായിരിക്കുമെന്നും സാമൂഹിക വികസനത്തിന്‍റെ അഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലോകാരോഗ്യ സംഘടന പ്രതികരിച്ചു.
പതിറ്റാണ്ടുകളോളം പഴക്കമുള്ള നഗരത്തിലെ മലിനജല സംവിധാനം കാരണം കുടിവെള്ള വിതരണ ലൈനുകൾ മലിനമായിരിക്കാൻ സാധ്യതയുള്ളതായി പൊതുജനാരോഗ്യ വിദഗ്ദർ പറഞ്ഞു. ലാഹോറിലെ ഒരു സർക്കാർ ആശുപത്രിയുടെ കണക്കനുസരിച്ച് ഗുരുതരാവസ്ഥയിലുള്ള 500 കുട്ടികളെയാണ് ദിവസേന ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കഠിനമായ വയറിളക്കമുള്ള 500 കുട്ടികളെ ഞങ്ങൾ ദിവസേന പരിശോധിക്കുന്നുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നും രോഗികളിൽ ഭൂരിഭാഗവും ലാഹോറിൽ നിന്നുള്ളവരാണെന്നും കുട്ടികളുടെ ഡോക്ടറായ ജുനൈദ് അർഷാദ് പറഞ്ഞു. എന്നാൽ ദിവസേനയുള്ള വയറിളക്ക രോഗികളുടെ യഥാർഥ കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ച് വെക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ലാഹോറിലെ പൊതുമേഖലാ ആശുപത്രികളിൽ നിന്ന് മാത്രം 2,000 വയറിളക്ക കേസുകളുടെ ഡാറ്റ ലഭിച്ചതായി പഞ്ചാബ് സി.ഡി.സി ഡയറക്ടർ ഡോ. ഷാഹിദ് മാഗ്സി സ്ഥിരീകരിച്ചു. മലിനമായ വെള്ളവും വൃത്തിഹീനമായ ഭക്ഷണവുമാണ് ലാഹോറിലെ വയറിളക്ക കേസുകൾ വർധിക്കാൻ കാരണമെന്ന് സി.ഡി.സി പറഞ്ഞു. മഴക്കാലത്ത് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണമാണെങ്കിലും ഏപ്രിൽ മെയ് മാസങ്ങളിൽ ഇത്തരം കേസുകൽ വർധിക്കുന്നത് ആശങ്കജനകമാണെന്നും ഡോ.ഷാഹിദ് മാഗ്സി പറഞ്ഞു. രോഗവ്യാപനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.