'കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര'; 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി, പലരും ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ടവർ
text_fieldsന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായി എത്തിയ 50പേരെ കൂടി യു.എസ് നാടുകടത്തി. പുതിയ സംഘത്തിൽ ഹരിയാനക്കാരാണ് കൂടുതൽ. ഡൽഹിയിൽ എത്തിയ ഇവർ 25 മണിക്കൂർ നീണ്ട വിമാന യാത്രയിലെ ദുരിതം വിവരിച്ചു. യാത്രയിൽ ഉടനീളം കാലിൽ ചങ്ങലയിട്ടിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
'എന്റെ കാലുകൾ വീർത്തിരിക്കുന്നു. വിമാനയാത്രയിൽ 25 മണിക്കൂർ ഞാൻ ചങ്ങലയിലായിരുന്നു.'- യുഎസ് നാടുകടത്തിയ 45 കാരനായ ഹർജീന്ദർ സിങ് പറഞ്ഞു. മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാൻ 35 ലക്ഷം രൂപ ചെലവഴിച്ചതായും എന്നാൽ കുടുംബത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന തന്റെ സ്വപ്നങ്ങൾ ഇപ്പോൾ തകർന്നതായും സിങ് പറഞ്ഞു.
25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും.
ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു.
ജനുവരിയിൽ യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് യുഎസ് നാടുകടത്തൽ നടപടി ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

