Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചരിത്രത്തോട് ആ...

ചരിത്രത്തോട് ആ ക്ഷമാപണം; ഒടുവിൽ ഗ്രീൻലൻഡിലെ നിർബന്ധിത വന്ധ്യംകരണത്തിൽ മാപ്പുപറഞ്ഞ് ഡെൻമാർക്ക്

text_fields
bookmark_border
ചരിത്രത്തോട് ആ ക്ഷമാപണം; ഒടുവിൽ ഗ്രീൻലൻഡിലെ നിർബന്ധിത വന്ധ്യംകരണത്തിൽ മാപ്പുപറഞ്ഞ് ഡെൻമാർക്ക്
cancel
camera_alt

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്സൺ (ഫയൽ ചിത്രം)

കോപ്പൻഹേഗൻ: അധിനിവേശ കാലത്ത് ഗ്രീൻലാൻഡിലെ തദ്ദേശീയരായ ആയിരക്കണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ അനുമതിയോ അറിവോ ഇല്ലാതെ ഗർഭനിരോധന നടപടികൾക്ക് വിധേയമാക്കിയതിൽ മാപ്പുപറഞ്ഞ് ഡെൻമാർക്ക്. ഡാനിഷ് ആരോഗ്യസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായത് വ്യവസ്ഥാപരമായ വിവേചനമാണെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പ്രസ്താവനയിൽ പറഞ്ഞു. ഗ്രീൻലാൻഡ് നിവാസികളായതുകൊണ്ട് മാത്രം അവർ ശാരീരികവും മാനസികവുമായ ഉപദ്രവത്തിന് വിധേയരായി. വിവാദത്തിൽ ഔദ്യോഗികമായി ക്ഷമ ചോദിക്കുന്നുവെന്നും മെറ്റെ ​ഫ്രെഡറിക്സൻ പറഞ്ഞു.

1953 വരെ ഡാനിഷ് കോളനിയായിരുന്ന ഗ്രീൻലാൻഡിലെ ജനസംഖ്യ കുറക്കാൻ ലക്ഷ്യമിട്ട് സ്ത്രീകളിലും കുട്ടികളിലും കോപ്പർ ടി ക്ക് സമാനമായ ഗർഭാശയ നാളിയിൽ ഘടിപ്പിക്കുന്ന ഇൻട്രായൂട്ടറിൻ ഉപകരണം (ഐ.യു.ഡി) ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. 12 വയസുള്ള പെൺകുട്ടികളിലടക്കം ഇത്തരത്തിൽ ഐ.യു.ഡികൾ ഘടിപ്പിച്ചതായി പിൽക്കാലത്ത് വിവരങ്ങൾ പുറത്തുവന്നത് ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.

1966 നും 1970 നും ഇടയിൽ 4,500 സ്ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ നിർബന്ധിത വന്ധ്യകരണത്തിന് വിധേയരായതായാണ് കണക്കാക്കപ്പെടുന്നത്. മുൻ ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട് ബി എഗെഡെ നടപടിയെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണുമായി ചേർന്ന് സംയുക്ത പ്രസ്താവനയിൽ 1992 വരെയുള്ള കേസുകളിലാണ് ഡെൻമാർക്ക് ക്ഷമാപണം നടത്തിയത്. അതിന് ശേഷമുള്ള കേസുകളിൽ ഗ്രീൻലൻഡ് സർക്കാരിനായി ജെൻസ്-ഫ്രെഡറിക് നീൽസണും ക്ഷമ ചോദിച്ചിട്ടുണ്ട്. നിർബന്ധിത വന്ധ്യംകരണ വിവാദത്തിൽ ദീർഘകാലമായി കാത്തിരുന്ന അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് നടപടി.

തങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെ ഗര്ഭനിരോധന ഗുളിക ഘടിപ്പിച്ചെന്നാരോപിച്ച് 2024ൽ, 143 ഗ്രീൻലാൻഡിക് ഇൻയൂട്ടുകളായ സ്ത്രീകൾ ഡാനിഷ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

പൂർണമായ ചിത്രമില്ലെങ്കിലും നിരവധി സ്ത്രീകൾ ഇത്തരത്തിൽ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിന്ന് ദുരുപയോഗത്തിന് വിധേയരായതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് മെറ്റെ ​ഫ്രെഡറിക്സൻ പ്രസ്താവനയിൽ പറയുന്നു. ‘സംഭവിച്ചത് മാറ്റാനാവില്ല. പക്ഷെ, ഉത്തരവാദിത്തം ഏറ്റെടുക്കാനാകും. അതിനാൽ, ഡെൻമാർക്കിനെ പ്രതിനിധീകരിച്ച്, ഞാൻ ക്ഷമ ചോദിക്കുന്നു: ക്ഷമിക്കണം.’ അവർ പറഞ്ഞു.

അതേസമയം, ഗ്രീൻലാൻഡ് സർക്കാർ ഭരണമേറ്റുകഴിഞ്ഞ​​ും, ഇൻയൂട്ട് വിഭാഗക്കാരടക്കം നിരവധി സ്ത്രീകൾക്ക് വിവേചന പരമായി നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാവേണ്ടി വന്നതിൽ താനും മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. ദുരിതബാധിതരായ സ്ത്രീകൾക്കായി സമഗ്രമായ നഷ്ടപരിഹാര പദ്ധതി ആരംഭിക്കുമെന്നും ജനുവരി മുതൽ ഇത് നിലവിൽ വരുമെന്നും ​അദ്ദേഹം പറഞ്ഞു.

ക്ഷമാപണത്തെ സ്വാഗതം ചെയ്യുന്നതായി ഗ്രീൻലാൻഡിലെ നീതി, ലിംഗസമത്വ മന്ത്രി നാജാ എച്ച് നഥാനിയേൽസെൻ പറഞ്ഞു. കൊളോണിയൽ അധിനിവേശത്തിന്റെ ഇരയായ സ്ത്രീകളോടും പെൺകുട്ടി​കളോടുമാണ് ക്ഷമാപണമുണ്ടായിരിക്കുന്നത്. ഡാനിഷ് ഭരണകൂടവും നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

തൻറെ ജീവിതത്തിലെ ഒരു ഇരുണ്ട അധ്യായം അടക്കുന്നത് ഒടുവിൽ സമാധാനം നൽകുന്നതാണെന്ന് ഇരയും 66വയസുകാരിയുമായ ബുല ലാർസൻ പറഞ്ഞു. ഗ്രീൻലാൻഡിലെ പാമിയൂട്ടിലെ താമസസ്ഥലത്തിന്റെ തലവൻ വിശദീകരണമില്ലാതെ തന്നോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു. നിർബന്ധിച്ച് ഐ.യു.ഡി ഘടിപ്പിച്ചപ്പോൾ ഉണ്ടായ ഞെട്ടലും അതികഠിനമായ വേദനയും ഇപ്പോഴും ഓർക്കുന്നു. വിവാഹശേഷമാണ് തനിക്ക് കുഞ്ഞുണ്ടാകില്ലെന്നും വന്ധ്യംകരണത്തിന് ഇരയായതായും തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു.

അലാസ്കയിലും കാനഡയിലും ഗ്രീൻലൻഡിലുമായി പരന്നുകിടക്കുന്ന ഗോത്രവിഭാഗമാണ് ഇൻയൂട്ടുകൾ. കൊളോണിയൽ അധിനിവേശ കാലത്ത് ഭാഷാപരമായും സാസ്കാരികവുമായി സ്വത്വം സംരക്ഷിക്കുന്നതിനായി ഇൻയൂട്ടുകൾ ശക്തമായ ​ചെറുത്തുനിൽപ്പ് നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalApologyDenmark​
News Summary - Denmark Apologises For Forced Birth Control Scandal In Greenland
Next Story