Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുമതിയുണ്ടായിട്ടും രക്ഷയില്ല, ഹെബ്രോണിൽ വൻ പൊളിക്കൽ ഭീഷണി; ഫലസ്തീനികൾ കടുത്ത ആശങ്കയിൽ

text_fields
bookmark_border
അനുമതിയുണ്ടായിട്ടും രക്ഷയില്ല, ഹെബ്രോണിൽ വൻ പൊളിക്കൽ ഭീഷണി; ഫലസ്തീനികൾ കടുത്ത ആശങ്കയിൽ
cancel

ഹെബ്രോൺ: ഓസ്‌ലോ കരാർ പ്രകാരം പൂർണ ഫലസ്തീൻ നിയന്ത്രണത്തിലുള്ള ‘ഏരിയ എ’യിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഇസ്രായേൽ സൈന്യം നോട്ടീസ് നൽകിയതോടെ ഹെബ്രോണിലെ കുടുംബങ്ങൾ കടുത്ത ഭീതിയിലും ആശങ്കയിലുമായി. തെക്കൻ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ദൈറത്ത് അൽ സീർ പ്രദേശത്തെ രണ്ട് ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും സമീപത്തെ ഒരു വീടിനുമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ സൈന്യം പൊളിക്കൽ നോട്ടീസ് പതിച്ചത്. എതിർപ്പ് രേഖപ്പെടുത്താൻ ഒരാഴ്ചത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്.

13 വർഷം മുൻപ് താൻ നിർമിച്ച എട്ടുനില റെസിഡൻഷ്യൽ കെട്ടിടം നിമിഷങ്ങൾക്കുള്ളിൽ തകർന്നടിയുന്ന അവസ്ഥയെക്കുറിച്ച് ഓർത്ത് അംജദ് അൽ-ഖവാസ്മി ആശങ്കയിലാണ്. കെട്ടിടങ്ങളിലൊന്നിൽ 25 താമസ ഫ്ലാറ്റുകളും മറ്റൊന്നിൽ 40 ഫ്ലാറ്റുകളുമാണുള്ളത്. ഫലസ്തീൻ അതോറിറ്റിയുടെയും ഹെബ്രോൺ മുനിസിപ്പാലിറ്റിയുടെയും ആവശ്യമായ എല്ലാ അനുമതികളും കെട്ടിടങ്ങൾക്കുണ്ടായിരുന്നിട്ടും, ‘സെറ്റിലർ റോഡ് 35’ നോട് ചേർന്നാണ് ഇവ സ്ഥിതി ചെയ്യുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ അധികൃതർ നടപടി ന്യായീകരിച്ചത്. നഗരത്തിന്റെ വലിയൊരു ഭാഗം ഫലസ്തീൻ ഭരണനിയന്ത്രണത്തിലും മധ്യഭാഗത്തെ ചെറിയൊരു പ്രദേശം ഇസ്രായേലി കുടിയേറ്റക്കാരുടെ അധീനതയിലുമാണ് നിലനിൽക്കുന്നത്.

നോട്ടീസ് ലഭിച്ചതോടെ തങ്ങളുടെ വീടുകൾ തകർക്കപ്പെടുമോ എന്ന ഭയത്തിലാണ് കുടുംബങ്ങൾ കഴിയുന്നത്. പൊളിക്കൽ ഉത്തരവ് തടയാനായി ഉടമകൾ ഔദ്യോഗികമായി എതിർപ്പുകൾ സമർപ്പിച്ചിട്ടുണ്ട്. 2013ൽ 18 ദശലക്ഷം ഷെക്കലിലധികം (ഏകദേശം 5.6 ദശലക്ഷം ഡോളർ) ചെലവഴിച്ചാണ് തന്റെ കെട്ടിടം നിർമിച്ചതെന്ന് അംജദ് അൽ-ഖവാസ്മി അൽ ജസീറയോട് പറഞ്ഞു. പ്രാദേശിക ഭരണകൂട മന്ത്രാലയത്തിൽ നിന്നുള്ള അനുമതികൾ വാങ്ങിയ ശേഷം പിതാവിനും സഹോദരനുമൊപ്പം ചേർന്ന് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് ഫ്ലാറ്റുകൾ താമസയോഗ്യമാക്കിയത്. താഴത്തെ നിലകളിൽ അംജദും സഹോദരങ്ങളും കുടുംബങ്ങളുമാണ് താമസിക്കുന്നത്.

മറ്റു ഫ്ലാറ്റുകളിൽ ഭൂരിഭാഗവും കുടുംബങ്ങൾക്ക് വിറ്റതാണെങ്കിലും, അവരുടെ ഗഡുക്കൾ പൂർത്തിയായിട്ടില്ല. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തിനും ഗസ്സയിൽ ഇസ്രായേൽ ആരംഭിച്ച വംശഹത്യാ യുദ്ധത്തിനും പിന്നാലെ ഏർപ്പെടുത്തിയ ശമ്പള വെട്ടിക്കുറവും ഇസ്രായേലിലേക്ക് തൊഴിലിനായി പോകുന്നതിൽ ഭൂരിഭാഗം ഫലസ്തീനികൾക്കും ഏർപ്പെടുത്തിയ വിലക്കും മൂലം ഈ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

‘കെട്ടിടത്തിലെ മറ്റെല്ലാ താമസക്കാരെയും പോലെ ഞങ്ങളും പൊളിക്കൽ ഉത്തരവ് നടപ്പാക്കപ്പെടുമോ എന്ന് ഭയക്കുന്നു. തീരുമാനം മരവിപ്പിക്കാൻ അഭിഭാഷകനെ നിയമിച്ചെങ്കിലും, ഇതൊരു അധിനിവേശമാണ്, എന്തും സംഭവിക്കാം’ -അൽ-ഖവാസ്മി പറഞ്ഞു. നിർബന്ധിത ഒഴിപ്പിക്കൽ ഉണ്ടായാൽ എന്തുചെയ്യുമെന്ന ആശങ്കയിൽ, അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങളും ഇരു കെട്ടിടങ്ങളിലെയും കുടുംബങ്ങൾ കാർഡ്ബോർഡ് പെട്ടികളിൽ പാക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഫർണിച്ചറുകളും മറ്റു വസ്തുക്കളും മാറ്റാൻ സമയം ലഭിക്കുമോ എന്ന കാര്യത്തിലും അവർക്ക് വ്യക്തതയില്ല.

അഞ്ച് വർഷം മുൻപ് പ്രദേശത്ത് സ്ഥലം വാങ്ങി എട്ടംഗ കുടുംബത്തിനായി വില്ല നിർമിച്ച സമീർ അബു ഹദീദിനും ഈ നടപടി കനത്ത ആഘാതമാണ്. ഏകദേശം മൂന്ന് ദശലക്ഷം ഡോളർ ചെലവഴിച്ചാണ് 1,165 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ സ്വത്ത് അദ്ദേഹം നിർമ്മിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇസ്രായേലി സൈനികർ വില്ലയിലേക്ക് ഇരച്ചുകയറി പൊളിക്കൽ നോട്ടീസ് നൽകുകയും എതിർപ്പ് അറിയിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ‘സുരക്ഷാ കാരണങ്ങളാൽ’ എടുത്ത സൈനിക തീരുമാനമാണിതെന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നത്.

"വില്ലക്ക് നിയമപരമായ ലൈസൻസ് ഉണ്ടെന്നും പൊളിക്കാൻ യാതൊരു അടിസ്ഥാനവുമില്ലെന്നും ഞാൻ ഉദ്യോഗസ്ഥനോട് പറഞ്ഞു. ‘രേഖ ശ്രദ്ധാപൂർവ്വം നോക്കുക, കാരണങ്ങൾ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്’ എന്ന് മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരാഴ്ചക്കുള്ളിൽ എതിർപ്പ് ഫയൽ ചെയ്യാമെന്നും പറഞ്ഞു. എന്നാൽ ഇതിനകം പുറപ്പെടുവിച്ച പൊളിക്കൽ ഉത്തരവിനെതിരെ ഒരാഴ്ച കൊണ്ട് എന്ത് ചെയ്യാൻ കഴിയും?. അബു ഹദീദ് ചോദിച്ചു. പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഉത്തരവ് നടപ്പാക്കപ്പെടുമോ എന്ന കടുത്ത ആശങ്കയിലാണ് അദ്ദേഹം.

യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണറുടെ ഓഫിസിന്റെ (2024 നവംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലെ) റിപ്പോർട്ട് പ്രകാരം, ‘ഏരിയ എയിലെ 97 പലസ്തീൻ നിർമ്മിതികളെ ഇസ്രായേൽ ലക്ഷ്യം വെച്ചിട്ടുണ്ട്-ഒന്നുകിൽ പൊളിച്ചുമാറ്റുകയോ അല്ലെങ്കിൽ പൊളിക്കൽ ഉത്തരവ് നൽകുകയോ ചെയ്തു. ‘ഏരിയ ബി’യിലെ 46 നിർമിതികൾക്കും ‘ഏരിയ സി’യിലെ 1,390 നിർമ്മിതികൾക്കും അധിനിവേശ കിഴക്കൻ ജറുസലേമിലെ 240 നിർമ്മിതികൾക്കും പുറമെയാണിത്.

2015 മുതൽ 2026 സെപ്റ്റംബർ അവസാനം വരെ 9,518 പൊളിക്കൽ അല്ലെങ്കിൽ ‘നിർമ്മാണ നിരോധന’ നോട്ടീസുകൾ നൽകിയതായി ഫലസ്തീന്റെ 'കമ്മീഷൻ എഗെയ്ൻസ്റ്റ് ദ വാൾ ആൻഡ് സെറ്റിൽമെന്റ്സ്' രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ നൽകിയ 344 നോട്ടീസുകളും ഇതിൽ ഉൾപ്പെടുന്നു. 2,697 നോട്ടീസുകളുമായി ഹെബ്രോൺ ഗവർണറേറ്റാണ് പട്ടികയിൽ മുന്നിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Demolition threat in Hebron despite permits
Next Story