ഗസ്സയിൽ യു.എൻ സേനയെ വിന്യസിക്കണമെന്ന് ആവശ്യം
text_fieldsഐക്യരാഷ്ട്ര സഭ പൊതുസഭ സമ്മേളനത്തിൽനിന്ന്
ന്യൂയോർക്: ഫലസ്തീൻ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസും. ബ്രിട്ടനും കാനഡയും ആസ്ട്രേലിയയുമടക്കം രാജ്യങ്ങൾ അംഗീകരിച്ചതിന് പിറകെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപനം നടത്തിയത്.
ഗസ്സയിൽ യുദ്ധവും കൂട്ടക്കൊലയും മരണവും അവസാനിപ്പിക്കാൻ സമയമായി. ഫലസ്തീൻ ജനതയോട് നീതി കാണിക്കാനും സമയമെത്തി. ഗസ്സ, വെസ്റ്റ് ബാങ്ക്, ജറൂസലം എന്നിവിടങ്ങളിലായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണ്’’- യു.എന്നിൽ പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ മാക്രോൺ പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തിന് യു.എന്നിൽ പൂർണ പദവി നൽകണമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരം പ്രമേയമാക്കി ഫ്രാൻസ്, സൗദി അറേബ്യ എന്നിവയുടെ കാർമികത്വത്തിൽ വിളിച്ചുചേർത്ത യു.എൻ പൊതു സഭ സമ്മേളനത്തിൽ തിങ്കളാഴ്ച മാത്രം ആറു രാജ്യങ്ങളാണ് പുതുതായി ഫലസ്തീനെ അംഗീകരിച്ചത്.
മോണകോ, ബെൽജിയം, അൻഡോറ, മാൾട്ട, ലക്സംബർഗ് എന്നിവയാണ് ഫ്രാൻസിന് പുറമെ അംഗീകാരം നൽകിയവ. ഫലസ്തീന് രാഷ്ട്ര പദവി അവകാശമാണെന്നും ഉപഹാരമല്ലെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഫലസ്തീനെ കൂടുതൽ രാഷ്ട്രങ്ങൾ അംഗീകരിച്ചാൽ വെസ്റ്റ് ബാങ്ക് കൂടി ഇസ്രായേലിന്റെ ഭാഗമാക്കി പ്രതികരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിന്യമിൻ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ, ഹമാസിനെ നിരായുധീകരിച്ച് ഇല്ലാതാക്കുകയും ഫലസ്തീൻ അതോറിറ്റിക്ക് അധികാരം കൈമാറുകയും ചെയ്യുന്ന പദ്ധതി ഫ്രാൻസ് അടക്കം രാജ്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷക്കും ഫലസ്തീൻ സുരക്ഷ വിഭാഗത്തിന്റെ പരിശീലനത്തിനുമായി യു.എൻ സേനയെ വിന്യസിക്കുകയും ചെയ്യും.
ഗസ്സയിൽ ഹമാസില്ലാത്ത ഭരണമാകും നടപ്പാക്കുകയെന്ന് കഴിഞ്ഞ ജൂലൈയിൽ അറബ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

