ഷെയ്ഖ് ഹസീനയുടെ മടങ്ങിപ്പോക്കിന് സമയപരിധി നിശ്ചയിക്കാൻ കഴിയില്ല: ദിനേശ് ത്രിവേദി
text_fieldsന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടങ്ങിപ്പോക്കിന് കൃത്യമായ സമയപരിധി നിശ്ചയിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്നും, അവരെ വിട്ടുകിട്ടണമെന്ന ധാക്കയുടെ ആവശ്യം നിയമനടപടികളിലൂടെയാണ് പരിശോധിക്കപ്പെടുന്നതെന്നും ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദി.
2024 ഓഗസ്റ്റിൽ പുറത്താക്കപ്പെട്ടതിന് ശേഷം ഹസീനയെ ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കുകയല്ലാതെ ഇന്ത്യക്ക് മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും ത്രിവേദി പറഞ്ഞു. എന്നാൽ മൂന്നാമതൊരു രാജ്യവുമായുള്ള ധാക്കയുടെ ബന്ധത്തെ ആശ്രയിച്ചല്ല ന്യൂഡൽഹിക്ക് ബംഗ്ലാദേശുമായുള്ള ബന്ധമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ധാക്കയിൽ നടന്ന 'ബേ ഓഫ് ബംഗാൾ കോൺവർസേഷൻ 2026'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസീനയുടെ മടങ്ങിപ്പോക്കിൽ കോടതികൾ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ, ആർക്കും ഒരു സമയപരിധി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയോ കരസേനയോ അല്ല ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബംഗ്ലാദേശിലെ ദൗർഭാഗ്യകരമായ സാഹചര്യങ്ങൾക്കിടയിലാണ് അവർ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സമയത്ത് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി തന്നെയായിരുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് മറ്റ് താൽപ്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജീവിത യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുക എന്നത് ഒരു അയൽരാജ്യമെന്ന നിലയിൽ ഞങ്ങളുടെ കടമയായിരുന്നു- അദ്ദേഹം പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ത്രിവേദിയുടെ പരാമർശം.
രണ്ട് അയൽക്കാർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുമായി ബംഗ്ലാദേശിനുള്ള ബന്ധത്തെ ആശ്രയിച്ചല്ല ഞങ്ങളുടെ ബന്ധം നിലനിൽക്കുന്നത്. സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു പരമാധികാര രാജ്യമെന്ന നിലയിൽ ബംഗ്ലാദേശിനുള്ള അവകാശം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയ്ക്കും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

